കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: സ്വാശ്രയ കോളെജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കുക, ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ചിനിടെ ചില പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേയ്‌ക്ക് തള്ളിക്കയറിയപ്പോള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. സെക്രട്ടേറിയറ്റ് വളപ്പിനകത്തും പുറത്തും പൊലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.
സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലവട്ടം കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ ഒട്ടേറെ പൊലീസുകാര്‍ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ അടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എംഎല്‍എ ഹോസ്‌റ്റലിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോള്‍ സമരക്കാരില്‍ ചിലര്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പിലെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തേയ്‌ക്കെത്തിയപ്പോള്‍ പൊലീസ് ഇവരെ വളഞ്ഞുവച്ച് തല്ലി. തുടര്‍ന്ന് പുറത്ത് സമരം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് ലാത്തി വീശി.
സമരക്കാര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. അരമണിക്കൂറിലേറെ സമരം സെക്രട്ടേറിയറ്റിന് പരിസരത്ത് യുദ്ധപ്രതീതി നിലനിന്നു. സമരക്കാരെ തുരത്താന്‍ പൊലീസ് 8 റൗണ്ട് ജലപീരങ്കിയും 2 റൗണ്ട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.












Click it and Unblock the Notifications