അഴീക്കോടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാര്‍
തൃശൂര്‍: ആള്‍ദൈവങ്ങളുടെ ധനസ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട സുകുമാര്‍ അഴീക്കോടിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണി ചെറുക്കാന്‍ ചൊവ്വാഴ്‌ച തൃശൂരില്‍ ചേര്‍ന്ന സാസ്‌കാരിക നായകന്മാരുടെ കൂട്ടായ്‌മ തീരുമാനിച്ചു.
യഥാര്‍ത്ഥ ആത്മീയ അന്വേഷണത്തിനുള്ള അഴീക്കോടിന്റെ കര്‍മ്മവും വാക്കുകളും പ്രോജ്വലമായി തുടരണമെന്ന് സാഹിത്യ അക്കാദമി ഹാളില്‍ച്ചേര്‍ന്ന ഐക്യദാര്‍ഢ്യ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സുകുമാര്‍ അഴീക്കോടിനെപ്പോലെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ ഒരു ആള്‍ദൈവത്തിനുമാകില്ലെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. അഴീക്കോടിനെപ്പോലുള്ള മഹാനായ മനുഷ്യന്‍ ഇല്ലാത്ത കേരളത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തെ വിളിക്കാറുള്ളയാളാണ് ഞാന്‍. ദൈവത്തിനും എനിയ്‌ക്കുമിടയില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. വര്‍ഗീയത സൃഷ്ടിക്കുന്നത് ഇത്തരം ദല്ലാളന്മാരാണ്- അദ്ദേഹം പറഞ്ഞു.
സന്യാസിമാര്‍ക്കെതിരെ ആദ്യമായി പ്രതികരിച്ചത് സാക്ഷാല്‍ ശ്രീശങ്കരാചാര്യരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കവി പ്രഭാവര്‍മ്മ അഴീക്കോടിനെതിരെ ഉയര്‍ന്ന ഭീഷണി സാസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അഭിപ്രായപ്പെട്ടു. രാമായണവും മഹാഭാരതവും കത്തിക്കണമെന്ന് പി കേശവദേവ് പറഞ്ഞപ്പോഴും ഒരു ക്ഷേത്രം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞുവെന്ന് മുഖ്യമന്ത്രിയായിരിക്കെ സി കേശവന്‍ പ്രസംഗിച്ചപ്പോഴും കേരളത്തില്‍ ഇത്തരത്തിലുള്ള അസഹിഷ്‌ണുത ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുപ്പയിലെ കടലാസ് ചവിട്ടിയാല്‍ തൊട്ട് വന്ദിക്കണമെന്ന് പറഞ്ഞ അമൃതാനന്ദമയിയുടെ ശിഷ്യന്മാരാണ് മഹത്തായ ഗ്രാന്ഥങ്ങള്‍ എഴുതിയ സുകമാര്‍ അഴീക്കോടിനെതിരെ ആക്രോശിക്കുന്നതെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. അഴീക്കോടിനെതിരായ നീക്കത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അതിനെതിരെ പ്രതികരിക്കണമെന്നും കെഇഎന്‍ പറഞ്ഞു. ചടങ്ങില്‍ വൈശാഖന്‍, വി.ആര്‍ സുധീഷ്, പുരുഷന്‍ കടലുണ്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications