61കാരിയ്‌ക്കെതിരെ സ്‌ത്രീധന പീഡനം!!
ബാംഗ്ലൂര്‍: അറുപതുകഴിഞ്ഞ ഒരു സ്‌ത്രീയ്‌ക്ക് സ്‌ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിയ്‌ക്കേണ്ടി വരുമോ. ഉണ്ടാകാനിടയില്ലെന്നല്ലേ ചിന്തിക്കുന്നത്. എന്നാല്‍ 61വയസ്സുള്ള ഒരു സ്‌ത്രീ സ്‌ത്രീധനപീഡനത്തിനെതിരെ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നു. ബാംഗ്ലൂരിലാണ് സംഭവം.
അറുപത്തിയഞ്ചുകാരനായ ഭര്‍ത്താവിനും അയാളുടെ രണ്ടാംഭാര്യയ്‌ക്കും മറ്റ് ഒന്‍പതുപേര്‍ക്കുമെതിരെയാണ് വെങ്കടലക്ഷ്‌മി അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റണ്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി കോടതി ജെസി നഗര്‍ പൊലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
1966ലാണ് വെങ്കടലക്ഷ്‌മി ബാംഗ്ലൂര്‍ മഹാനഗരപാലികയില്‍ എന്‍ജിനീയറായ പി. സോമപ്പയെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് അഞ്ച് മക്കളുമുണ്ട്. പിന്നീട് വെങ്കടലക്ഷ്‌മിയെ ഉപേക്ഷിച്ച സോമപ്പ ആര്‍ടി നഗറില്‍ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌ത് ജീവിക്കാന്‍ തുടങ്ങി.
കുറച്ച്‌കാലം കഴിഞ്ഞപ്പോള്‍ സോമപ്പയും രണ്ടാംഭാര്യയുടെ ബന്ധുക്കളും ചേര്‍ന്ന് വെങ്കടലക്ഷ്‌മിയോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. വെങ്കടലക്ഷ്‌മിയുടെ സഹോദന്മാരോട് പണം വാങ്ങിച്ച് നല്‍കാനാണ് ഇവര്‍ ആവശ്യപ്പെടുന്നതത്രേ. ഇതിന്റെ പേരില്‍ തനിയ്‌ക്കവര്‍ സ്വസ്ഥത തരുന്നില്ലെന്നാണ് വെങ്കടലക്ഷ്‌മി പറയുന്നത്.
വെങ്കടലക്ഷ്‌മിയുടെ മക്കളില്‍ ഒരാള്‍ വിധവയാണ്. മറ്റൊരു മകള്‍ ഇതേവരെ വിവാഹം കഴിച്ചിട്ടുമില്ല. ബാക്കി കുട്ടികള്‍ പഠിക്കുകയാണ് ഇവര്‍ക്കു വേണ്ട ആവശ്യങ്ങള്‍ക്കിടയില്‍ ഭര്‍ത്താവിനും രണ്ടാംഭാര്യയ്‌ക്കും നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നാണ് ഇവര്‍ പറയുന്നത്.
പണത്തിന്റെ പേരിലുള്ള ഈ ശല്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്നും ഭര്‍ത്താവ് തനിയ്‌ക്കും മക്കള്‍ക്കും ചെലവിന് തരണമെന്നും വെങ്കടലക്ഷ്‌മി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല സോമപ്പ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണത്തിന്റെ അവകാശികള്‍ താനും മക്കളുമാണെന്നും 1966ല്‍ത്തന്നെ തങ്ങളുടെ വിവാഹം ബാംഗ്ലൂര്‍ നോര്‍ത്ത് സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌തതുമാണെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications