സുധാകരനില്‍ നിന്നും സംരക്ഷണം വേണമെന്ന് ജെഎസ്‌എസ് എംഎല്‍എ
തിരുവനന്തപുരം: മന്ത്രി ജി സുധാകരനില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ജെഎസ്‌എസ് സംസ്ഥാന സെക്രട്ടറിയും പന്തളം എംഎല്‍എയുമായ കെകെ ഷാജു ഡിജിപിയ്‌ക്ക് പരാതി നല്‍കി.
തന്നെ ജാതീയമായി ആക്ഷേപിച്ച മന്ത്രിയ്‌ക്കെതിരെ പട്ടികജാതി പീഡനനിരോധന നിയമപ്രകാരം നടപടിസ്വീകരിക്കാനും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമരക്കുളത്ത് മന്ത്രി സുധാകരന്‍ നടത്തിയ പ്രസംഗമാണ് പരാതിയ്‌ക്ക് ആധാരം.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അണികളുള്ള പാര്‍ട്ടിയുടെ നേതാവിന്റെ ഭീഷണി തന്റെ ജീവന്‍തന്നെ അപകടപ്പെടുത്തുന്ന നിലയില്‍ എത്തിച്ചിരിക്കുകയാണെന്ന് ഷാജു പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഷാജു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സര്‍ക്കാറിനും സിപിഎമ്മിനും എതിരെ എംഎല്‍എ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ നീക്കങ്ങളെ സിപിഎം രാഷ്ട്രീയമായി നേരിടുമെന്നുമാണ് താമരക്കുളത്ത് സുധാകരന്‍ പറഞ്ഞത്.
പട്ടികജാതിക്കാരനായ തന്നെ ചുനക്കര ക്ഷേത്രത്തില്‍ കയറ്റരുതെന്നും കയറ്റിയാല്‍ കുറ്റിച്ചൂലിനടിക്കണമെന്നും ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്നുമുള്ള പരസ്യമായ ആഹ്വാനം ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമാണ്. ഇതു പട്ടികജാതി പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും ഷാജു പറഞ്ഞു.
ജനപ്രതിനിധി എന്നനിലയില്‍ സ്വതന്ത്രനായി സഞ്ചരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനുമുള്ള തന്റെ സ്വാതന്ത്ര്യത്തിനെതിരെയാണ് മന്ത്രി ജി സുധാകരന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്നും ഒരു മന്ത്രി ഒരു ജനപ്രതിനിധിയെ കുറ്റിച്ചൂലിന് അടിക്കണമെന്നും ക്ഷേത്രത്തില്‍ കയറ്റരുതെന്നും പറയുന്നത് കടുത്ത കുറ്റവും നിയമലംഘനത്തിനുള്ള ആഹ്വാനവുമാണെന്ന് ഷാജു നല്‍കിയ പരാതിയില്‍ പറയുന്നു.
'മന്ത്രിയുടെ പ്രസ്‌താവന സത്യപ്രതിജ്ഞാ ലംഘനം'
തിരുവനന്തപുരം ജെഎസ്‌എസ് സംസ്ഥാന സെക്രട്ടറിയും എല്‍എയുമായി കെ കെ ഷാജുവിനെ കായികമായി നേരിടണമെന്നും കുറ്റിച്ചൂലുകൊണ്ട് അടിക്കണമെന്നുമുള്ള മന്ത്രി ജി സുധാകരന്റ പ്രസ്‌താവന മന്ത്രി പദവിയുടെ മാന്യതയ്‌ക്ക് യോജിച്ചതല്ലെന്ന് ജെഎസ്‌എസ് പ്രസിഡന്റ് എം.എന്‍ രാജന്‍ ബാബു.
ഭരണഘടനാ പദവിയായ മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന സുധാകരന്‍ പൊതുജനങ്ങളെ അക്രമം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുവഴി മന്ത്രിപദവിയ്‌ക്കു താന്‍ അര്‍ഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്- രാജന്‍ ബാബു പറഞ്ഞു.












Click it and Unblock the Notifications