ആര്യാടനെ കയറൂരിവിട്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: മുരളി
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ കയറൂരിവിട്ടത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ ആരോപിച്ചു.
ആര്യാടനെ നിലയ്‌ക്കുനിര്‍ത്താന്‍ ഹൈക്കമാന്റിന് കഴിയുന്നില്ലെന്ന് പറയുന്നത് ശരിയല്ല. വിശ്വഹിന്ദു പരിഷത് പോലും ഉന്നയിക്കാത്ത ആരോപണമാണ് അര്യാടന്‍ തങ്ങള്‍ക്കെതിരെ ഉന്നയിച്ചത്. ഒരേ തെറ്റ് ചെയ്യുന്ന അച്ഛനും മകനുമെതിരെ രണ്ടു തരം നടപടിയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്- മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മുമ്പ് കരുണാകരനും ഞാനും ഒരേ തെറ്റ് ചെയ്‌തെങ്കിലും എനിക്കെതിരെ നടപടിയെടുക്കുകയും കരുണാകരനെ വെറുതെ വിടുകയും ചെയ്‌തു. ഇപ്പോള്‍ സീനിയര്‍ ആര്യാടനെ വെറുതെ വിട്ട് ജൂനിയറിനെതിരെ നടപടിയെടുത്തിരിക്കുകയാണ്- അദ്ദേഹം ആരോപിച്ചു.
കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാനതല ഏകദിന ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍. എന്‍സിപിയെ ഇടതുമുന്നണിയില്‍ ഉല്‍പ്പെടുത്താതിരിക്കുന്നതിന് ഒരു കാരണവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ ചേരുകയെന്ന ആശയം എന്‍സിപി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അതിന് മാറ്റം വരുത്തേണ്ട കാര്യമില്ല. എന്‍സിപിയുടെ കൊടിയിലോ ആശയത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ല. സിറിയക് ജോണ്‍ മാറി കെ മുരളീധരന്‍ പ്രിസിഡന്റായി എന്നതുമാത്രമാണ് ആകെയുണ്ടായ മാറ്റം. ആളുമാറിയതുകൊണ്ട് പാര്‍ട്ടി നയം മാറില്ല.
യുഡിഎഫിനെ കവച്ചുവയ്‌ക്കുന്ന തമ്മിലടിയാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ നടക്കുന്നത്. കാബിനറ്റ് യോഗത്തില്‍ നടക്കുന്നകാര്യങ്ങള്‍ മുഴുവന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. ഇതിനേക്കാള്‍ നല്ലത് മന്ത്രിസഭായോഗം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്നതാണ്- മുരളീധരന്‍ പരിഹസിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications