സുധാകന്റെ കോലം ചങ്ങലക്കിട്ടു; ഡിവൈഎഫ്‌ഐക്കാര്‍ ഡിസിസി ഓഫീസ് ആക്രമിച്ചു
ആലപ്പുഴ: എംഎല്‍എമാര്‍ക്കെതിരായ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി ജി സുധാകരന്റെ കോലം ചങ്ങലയ്‌ക്കിട്ടു. ഇതിന് പകരമായി കെസി വേണുഗോപാല്‍ എംഎല്‍എയുടെ കോലം കെട്ടിത്തൂക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു.
ബുധനാഴ്‌ച രാത്രി ഏഴുമണിയോടെയാണ് സംഭവം ഡിവൈഎഫ്‌ഐക്കാര്‍ പ്രകടനം നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഡിസിസി ഓഫീസിന് കേടുപാട് സംഭവിച്ചു. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തിനിടെ പരുക്കേറ്റു. കെ.കെ ഷാജു എംഎല്‍എയുടെ വീടന് നേരെയും കല്ലേറുണ്ടായി.
കെസി വേണുഗോപാല്‍, കെ.കെ ഷാജു, ബി ബാബുപ്രസാദ് എന്നീ യുഡിഎഫ് എംഎല്‍എമാര്‍ ജില്ലയില്‍ സിപിഎമ്മിനും സര്‍ക്കാറിനുമെതിരെ മാഫിയാ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സുധാകരന്‍ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി ആരോപിച്ചിതാണ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം.
മന്ത്രിയുടെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവുമായി നഗരത്തില്‍ പ്രകനടം നടത്തി. കോലത്തിന്റെ തലയില്‍ നെല്ലിക്കാത്തളം വച്ച് ചങ്ങലക്കിട്ട് തെരുവില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നാണ് രാത്രി ഏഴുമണിയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതിനെതിരെ വേണുഗോപാലിന്റെ കോലവുമായി നഗരത്തില്‍ പ്രകടനം നടത്തിയത്.
പ്രകടനത്തിനിടെയാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സോണ, ആലപ്പുഴ മേഖലാ സെക്രട്ടറി ജയന്‍, രാഹുല്‍, റെജി, ഉദയന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇതിനിടെ ഡിസിസി ഓഫീസിനെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ കെ.സി വേണുഗോപാല്‍ പി.സി വിഷ്‌ണുനാഥ്, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ സൗത്ത് പൊലീസ് സ്റ്റേഷനിലേയ്‌ക്ക് പ്രകടനം നടത്തി.
സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തി. രാത്രി പത്തുമണിവരെ ധര്‍ണ്ണ തുടര്‍ന്നു. ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ എല്ലാവരെയും പിടികൂടാമെന്ന് എസ്‌പി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വാക്കുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്ത രാത്രി ഡിസിസി ഓഫീസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമം കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications