സുധാകരനെ ശാസിച്ചു നന്നാക്കണമെന്ന് കാരാട്ടിനോട് എംഎല്‍എമാര്‍
ആലപ്പുഴ: രാഷ്ട്രീയഎതിരാളികളുടെ സ്വഭാവഹത്യനടത്താന്‍ മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന മന്ത്രി ജി സുധാകരനെ ശാസിച്ച് നേരെയാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു.
തങ്ങള്‍ക്ക് നേരെ മാഫിയാ പ്രയോഗം നടത്തിയ സുധാകരനെതിരെ കേസ് കൊടുക്കുമെന്ന് എംഎല്‍എമാരായ കെ.സി വേണുഗോപാല്‍, ബി. ബാബു പ്രസാദ്, കെ.കെ ഷാജു എന്നിവര്‍ കത്തില്‍ അറിയിച്ചു.
രണ്ടുവര്‍ഷമായി മന്ത്രിസ്ഥാനത്തിരിക്കുന്ന സുധാകരന്‍ വിവിധ തുറകളിലുള്ള ഒട്ടേറെ പ്രമുഖ വ്യക്തികളെ അധിക്ഷേപിച്ചിട്ടുണ്ട്. രാഷ്ട്രീയ സദാചാരത്തിന്റെ എല്ലാ മൂല്യങ്ങളും കുഴിച്ചുമൂടും വിധമാണ് സുധാകരന്‍ എംഎല്‍എമാരായ തങ്ങളെ മാഫിയാ സംഘം എന്നാക്ഷേപിച്ചത്. ഇത് താങ്കളുടെ അറിവോടെയാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്-എല്‍എമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതിപക്ഷ ബഹുമാനമില്ലാത്ത മന്ത്രി ജനനേതാക്കളെ അധിക്ഷേപിക്കുന്നത് പതിവാക്കിയപ്പോള്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് മന്ത്രി പെരുമാറുന്നത്. ഇതു തുടര്‍ന്നാല്‍ സാമൂഹിക ബഹിഷ്‌കരണമുണ്ടാകുമെന്നും എംഎല്‍എമാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ.സി വേണുഗോപാല്‍, ബി ബാബുപ്രസാദ്, കെ.കെ ഷാജുഎന്നീ എംഎല്‍എമാര്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ മാഫിയാ പ്രവര്‍ത്തനം നടത്തുകയാണെന്ന് മന്ത്രി സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്‌ച ആലപ്പുഴയില്‍ പ്രകടനം നടത്തുകയും സുധാകരന്റെ കോലത്തിന് നെല്ലിക്കാത്തളം വച്ച് ചങ്ങലക്കിടുകയും ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications