ദളിത വിഭാഗക്കാരനെ വിവാഹം ചെയ്‌ത മകളെ പിതാവ് കുത്തിക്കൊന്നു
രാജ്‌കോട്ട്: ദളിത് വിഭാഗക്കാരനെ വിവാഹം ചെയ്‌ത മകളെ പിതാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ ഭവനഗറിലെ രാജപര ഗ്രാമത്തിലാണ് സംഭവം നടന്നത്.
കോളി വിഭാഗക്കാരനായ ജോധ റാത്തോഡാണ് പത്തൊന്‍പതുകാരിയായ മകള്‍ ഹേതലിനെ കൊലപ്പെടുത്തിയത്. കൊലയ്‌ക്കുശേഷം രക്തം ഇറ്റുവീഴന്ന കത്തിയുമായി റാത്തോഡ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തന്റെ ആണ്‍മക്കളുടെ സഹായത്തോടെയാണ് റാത്തോഡ് ദളിതയുവാവിനെ വിവാഹം ചെയ്‌ത മകളെ കൊലപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന ആണ്‍മക്കള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. തന്റെ അഭിപ്രായത്തിനെതിരായാണ് മകള്‍ താഴ്‌ന്ന ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതെന്നും ഇതില്‍ കുപിതനായാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നുമാണ് റാത്തോഡ് പൊലീസില്‍ പറഞ്ഞത്.
2006 ഡിസംബറിലാണ് ഹേതല്‍ ഇരുപത്തിരണ്ടുകാരനായ ദേവ്‌ജി നരനെ വിവാഹം ചെയ്‌തത്. വ്യാഴാഴ്‌ച ഭര്‍ത്താവ് ജോലി ചെയ്യുന്ന ഫാക്ടറിയിലെ ജോലിക്കാര്‍ക്കായി വെള്ളം കൊണ്ടുപോകുന്നതിനിടെയാണ് ഹേതലിനെ പിതാവും സഹോദരന്മാരും കൂടി കൊലപ്പെടുത്തിയത്.
ഫാക്ടറിയിലേക്ക് പോവുകയായിരുന്ന ഹേതലിനെ സഹോദരന്മാരായ രാജുവും സഞ്ചുവും കൂടി പിടിച്ചുവയ്‌ക്കുകയും പിതാവ് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ഹേതലിന്റെ കരച്ചില്‍കേട്ട് ദേവ്‌ജിയും സഹപ്രവര്‍ത്തകരും ഓടിയെത്തിയെങ്കിലും ആശുപത്രിയിലെത്തിയ്‌ക്കുന്നതിന് മുമ്പ് തന്നെ രക്തം വാര്‍ന്ന് ഹേതല്‍ മരിയ്‌ക്കുകയായിരുന്നു. റാത്തോഡിനും മക്കള്‍ക്കുമെതിരെ ദേവ്‌ജി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications