സോണിയയ്‌ക്കുമുന്നില്‍ കോണ്‍ഗ്രസുകാരുടെ തമ്മിലടി
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്ത പാര്‍ട്ടി യോഗത്തില്‍ തമ്മിലടിയും കുപ്പിയേറും. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖിന്റെയും ശിവസേനയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ റവന്യൂമന്ത്രി നാരായണ്‍ റാണെയുടെയും അനുയായികളാണ് ഗുര്‍ഗോണ്‍ നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്ല് ഗ്രൗണ്ടില്‍ നടന്ന റാലിയ്‌ക്കുശേഷം നടന്ന യോഗത്തില്‍ തമ്മിലടിച്ചത്.
വ്യാഴാഴ്‌ച വൈകീട്ട് 4.45നാണ് യോഗം ആരംഭിച്ചത്. യോഗം തുടങ്ങിയപ്പോള്‍ത്തന്നെ പ്രവര്‍ത്തകര്‍ ബഹളവും തുടങ്ങിയിരുന്നു. ദേശ്‌മുഖിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് റാണെ പക്ഷക്കാര്‍ ബഹളം വച്ചത്. ഇവര്‍ ദേശ്‌മുഖിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇവരെ മുഖ്യമന്ത്രിയുടെ അനുയായികള്‍ നേരിട്ടു. പ്രവര്‍ത്തകര്‍ പരസ്‌പരം കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള മാര്‍ഗരറ്റ് ആല്‍വ ബഹളമുണ്ടാക്കുന്നവരോട് അടങ്ങിയിരിക്കാന്‍ മൈക്കിലൂടെ ആവര്‍ത്തിച്ച് പറഞ്ഞിട്ടും റാണെയുടെ അനുയായികള്‍ അടങ്ങിയിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവാരാജ് പാട്ടീല്‍ അടക്കമുള്ള പ്രമുഖര്‍ ഈ ബഹളത്തിനിടെയാണ് പ്രസംഗിച്ചത്.
പ്രശ്‌നം മുറുകിയപ്പോള്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖ്‌തന്നെ പ്രവര്‍ത്തകരോട് അടങ്ങിയിരിക്കാന്‍ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സോണിയാ ഗാന്ധി സംസാരിക്കാനായി എഴുന്നേറ്റതോടെ ബഹളക്കാര്‍ തെല്ലൊന്നടങ്ങിയെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കറുത്ത കൊടി കാണിച്ചു.
ഇതോടെ ഒരു വിഭാഗം ഇയാളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഒടുവില്‍ സോണിയ തന്നെ തമ്മിലടി നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിദേശ പര്യടനത്തിലായിരുന്ന റാണെ പരിപാടിയ്‌ക്കെത്തിയിരുന്നില്ല.
പ്രശ്‌നമുണ്ടാക്കിയവര്‍ തന്റെ അനുയായികളല്ലെന്നും തനിയ്‌ക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ പ്രശ്‌നമെന്നും റാണെ പറഞ്ഞു. എന്നാല്‍ 2006ല്‍ ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേക്കേറിയമുതല്‍തന്നെ റാണെ മുഖ്യമന്ത്രി പദവിയില്‍ നോട്ടമിട്ടിരുന്നതായി രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. 2007 ഡിസംബറില്‍ ദേശ് മുഖിന്റെ ഭരണത്തെ റാണെ പരസ്യമായി വിമര്‍ശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications