21.75രൂപ ശംബളം പറ്റുന്ന അധ്യാപകന്‍!
കൊല്‍ക്കത്ത: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന ഇക്കാലത്ത് പതിനായിരങ്ങള്‍ പ്രതിഫലം വാങ്ങുന്നവരുടെ ജീവിതം പോലും ഞെരുങ്ങലിലാണ്. അപ്പോള്‍ മാസം വെറും 21 രൂപ 75 പൈസ ശംബളം വാങ്ങുന്ന ഒരാളുടെ ജീവിതത്തിന്റെ അവസ്ഥയെന്തായിരിക്കും.
അതിശയിക്കേണ്ടതില്ല കൊല്‍ക്കത്തയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ പ്രണബ് കുമാര്‍ സെന്‍ ഗുപ്‌തയ്‌ക്ക് 1973മുതല്‍ കിട്ടുന്ന ശംബളം 21രൂപ 75 പൈസയാണ്. ബസക് ബാഗന്‍ സ്‌കൂളിലെ അധ്യാപകനാണ് പ്രണബ് കുമാര്‍.
തന്റെ വേതനം കൂട്ടിക്കിട്ടുന്നതിനായി പ്രണാബ് നടത്തിയ ശ്രമങ്ങളൊന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചിരുന്നില്ല. 1975മുതല്‍ 1991വരെ പ്രണാബ് ഇതിനായി നടത്തിയ ശ്രമങ്ങളൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരാജയപ്പെടുകയായിരുന്നു.
സഹികെട്ട പ്രണാബ് ഒടുവില്‍ 1993ല്‍ തന്റെ നിയമനം അംഗീകരിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 1994ല്‍ പ്രണാബിന്റെ സേവനം മുന്‍കാലപ്രാബല്യത്തോടെ അംഗീകരിക്കാനും ശംബളം കൂട്ടിനല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിന്മേല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.
സര്‍ക്കാര്‍ കോടതിയലക്ഷ്യം കാണിച്ചുവെന്നാരോപിച്ച് പ്രണാബ് വീണ്ടും ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട് കഴിഞ്ഞ വ്യാഴാഴ്‌ച കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കൊണ്ടുവന്ന ഉത്തരവ് പ്രണാബിന്റെ പരിശ്രമങ്ങളെ വിജയത്തിലെത്തിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കുകയും ശംബളം കൂട്ടി നല്‍കുകയും ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറും പ്രൈമറി സ്‌കൂള്‍ കൗണ്‍സിലും നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിക്കളയുകയും പ്രണാബിന്റെ സേവനം അംഗീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുകയാണ്.
മുമ്പത്തെ വിധി നടപ്പിലാക്കാത്ത സര്‍ക്കാറിന്റെ വീഴ്‌ചയെ കോടതി വിമര്‍ശിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ വിധിയില്‍ സന്തോഷിക്കേണ്ടതാണെങ്കിലും മുന്‍ വിധിയില്‍ സര്‍ക്കാര്‍ നടപടിയൊന്നു എടുക്കാത്തതിനാല്‍ത്തന്നെ പ്രണാബിന് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയില്ല. 1973ലാണ് ബാസക് ബാഗന്‍ പ്രൈമസി സ്‌കൂളില്‍ പ്രണാബ് അധ്യാപകനായി ചേര്‍ന്നത്.












Click it and Unblock the Notifications