പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച നേതാവിനെ സിപിഎം പുറത്താക്കി
പാലക്കാട്: ഷൊര്‍ണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ മുരളിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി.
നഗരസഭാ വൈസ് ചെയര്‍മാന്‍ പദവി രാജിവെയ്‌ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിയ്‌ക്കില്ലെന്ന് മുരളി വ്യക്തമാക്കിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള നടപടിയുണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തുകയും പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിയ്‌ക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണ്ണൂര്‍ കാരക്കാട് ബ്രാഞ്ചംഗമായ മുരളിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടിയിലെ ഒരു വിഭാഗവും ഒറ്റപ്പാലം എംഎല്‍എയുടെയും നേതൃത്വത്തില്‍ തന്നെ നശിപ്പിയ്‌ക്കാന്‍ ഏറെക്കാലമായി ശ്രമങ്ങളുണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ വാര്‍ത്തയോട് പ്രതികരിയ്‌ക്കുകയായിരുന്നു മുരളി.
ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മുരളിയക്കെതിരെ മുമ്പും പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിഎസ് പക്ഷത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന മുരളി ഏറെ മുന്പു തന്നെ ഔദ്യോഗിക പക്ഷത്തിന് അനഭിമതനായിരുന്നു.
അതെ സമയം വൈസ് ചെയര്‍മാന്‍ പദവി രാജിവെയ്‌ക്കുന്നില്ലെന്ന നിലപാടില്‍ മുരളി ഉറച്ചു നിന്നതോടെ നഗരസഭയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തിരിയ്‌ക്കുകയാണ്.
മുരളിയ്‌ക്കൊപ്പം നഗരസഭയിലെ ഒമ്പത് കൗണ്‍സിലര്‍മാര്‍ കൂടി ചേര്‍ന്നതോടെ ഫലത്തില്‍ സിപിഎമ്മിന് ഇവിടെ അധികാരം നഷ്ടപ്പെട്ടിരിയ്‌ക്കുകയാണ്.
22 അംഗ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ സിപിഎമ്മിന് ഇപ്പോഴുള്ളത് 12 കൗണ്‍സിലര്‍മാരുടെ പിന്തുണ മാത്രമാണുള്ളത്.
മുരളിയെ പിന്തുണയ്‌ക്കുന്ന 9 കൗണ്‍സിലര്‍മാരുടെയൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂടി ചേര്‍ന്നാല്‍ സിപിഎം ന്യൂനപക്ഷമായി മാറും.












Click it and Unblock the Notifications