സന്തോഷ് മാധവനെ ബ്രയിന്‍മാപ്പിംങിന് വിധേയനാക്കുന്നു
കൊച്ചി: വഞ്ചനക്കേസില്‍ പിടിയിലായ വിവാദ സ്വാമി സന്തോഷ് മാധവനെ ബ്രയിന്‍മാപ്പിംങിനും പോളി ഗ്രാഫ് ടെസ്റ്റിനും വിധേയനാക്കാന്‍ നീക്കം.
കള്ളപ്പണ റാക്കറ്റിന്റെ ഭാഗമാണെന്ന് വ്യക്തമാവുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത ഭൂമിയിടപാടുകള്‍ നടത്തിയതായി തെളിവു ലഭിയ്‌ക്കുയും ചെയ്‌ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സന്തോഷിനെ ശാസ്‌ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കാനൊരുങ്ങുന്നത്.
ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറും ക്രൈംബ്രാഞ്ച് ഐജിയുമായ കെ പത്മകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരേ സ്ഥലം പലതവണ മറിച്ചുവിറ്റതിന്റെ പതിനഞ്ചോളം രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിക്കുന്ന ഓരോ രേഖയും പുതിയ കേസുകളിലേയ്‌ക്കാണ് വഴിതുറക്കുന്നത്.
കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്‌ച കൊച്ചിയില്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
പുത്തന്‍വേലിക്കരയില്‍ 88 ഏക്കര്‍ ഭൂമി വാങ്ങാന്‍ എറണാകുളം മുന്‍ ജില്ലാകളക്ടര്‍ സന്തോഷിന് ഒത്താശ ചെയ്‌തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതുസംബന്ധിച്ച് തഹസില്‍ദാര്‍ക്ക് രേഖാമൂലം നല്‍കിയ നിര്‍ദ്ദേശവും ക്രൈംബ്രാഞ്ച് കണ്ടെടുത്തു.
വിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കാനെന്ന പേരില്‍ മിച്ചഭൂമി ചട്ടം മറികടന്ന് പുത്തന്‍വേലിക്കരയില്‍ സ്ഥലം വാങ്ങാന്‍ സന്തോഷിന് കഴിഞ്ഞത് കളക്ടറുടെ ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സ്ഥലം സ്വന്തം പേരിലാക്കാതെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ബാംഗ്ലൂരിലെ ആദര്‍ശ് പ്രോപ്പര്‍ട്ടീസിന് കൈമാറുകയായിരുന്നു.
പറവൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും കണ്ടെത്തിയ കത്തുകളുടെ വെളിച്ചത്തില്‍ മുന്‍ കളക്ടറുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications