വിവാദ പാഠപുസ്‌തകം പിന്‍വലിക്കില്ലെന്ന് ബേബി
കൊച്ചി: ഏഴാം ക്ലാസിലെ വിവാദമായ സാമൂഹിക പാഠപുസ്‌തകം പിന്‍വലിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എംഎ ബേബി. പാഠഭാഗങ്ങള്‍ പിന്‍വലിച്ചാലേ ചര്‍ച്ചയ്‌ക്കുള്ളു എന്ന നിലപാട് ഉപേക്ഷിച്ചാല്‍ ആരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യത്യസ്‌ത മതങ്ങളില്‍ വിശ്വസിച്ചും സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിഞ്ഞുകൂടാം എന്ന മതേതര സന്ദേശമാണ് ഏഴാംക്ലാസ് പാഠപുസ്‌തകത്തിലുള്ളത്. അത് മതവിരുദ്ധമല്ല. എല്ലാ മതങ്ങളും മനുഷ്യനന്മയാണ് പ്രചരിപ്പിക്കുന്നതെന്നും ഇതേ പാഠപുസ്‌തകത്തില്‍ പറയുന്നുണ്ട്.
അതേസമയം എന്‍സിആര്‍ടി പുറത്തിറക്കിയ പത്താംക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്‌തകത്തില്‍ നെഹ്‌റുവിനെ മതനിഷേധിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ നിറയെ മതവിരുദ്ധ ആശയങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. ഇവിടെ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ ആദ്യം കേന്ദ്രസര്‍ക്കാറിനെതിരെ സമരം ചെയ്യുകയാണ് വേണ്ടത്. ക്രിസ്‌തീയ സഭാമേലധികാരികള്‍ ഇപ്പോള്‍ നടത്തുന്നത് യുഡിഎഫിന് വേണ്ടിയുള്ള സമരാണ്- മന്ത്രി ആരോപിച്ചു.
പാഠപുസ്‌തകങ്ങള്‍ കത്തിച്ച് സമരം നടത്തുന്ന കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശൈലി നീതീകരിക്കാനാവുന്നതല്ല. അവര്‍ കത്തിക്കുന്ന പുസ്‌തകത്തില്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊക്കെ സന്ദേശങ്ങളുണ്ട്. അതുപോലെ മഹാഭാരതവും ബൈബിളും നബിവചനങ്ങളുമൊക്കെ ഉദ്ധരിച്ചിട്ടുണ്ട്- ബേബി ചൂണ്ടിക്കാട്ടി.
രണ്ട് മതവിഭാഗക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് സര്‍വ്വസാധാരണമാണ്. അവര്‍ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുകയോ അവരവരുടെ വിശ്വാസം നിലനിര്‍ത്തുകയോ ആണ് ചെയ്യുന്നത്. ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും കാര്യത്തിലായാലും രാജീവിന്റെയും സോണിയയുടെയും കാര്യത്തിലാണെങ്കിലും അതാണ് കാണുന്നത്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മകന്‍ വിദേശിയയാ മറ്റൊരു മതക്കാരിയെയാണ് വിവാഹം ചെയ്‌തത്.
പാഠപുസ്‌തകത്തിലെ കഥാപാത്രങ്ങളാകട്ടെ അവരവരുടെ മതത്തില്‍ നിലകൊള്ളുകയും തങ്ങളുടെ മകന് ഏത് മതം വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശം അനുവദിക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. ജനാധിപത്യ ബോധമുള്ള അച്ചനമ്മമാരെയാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ സന്ദേശം ഒരിക്കലും മതവിരുദ്ധമാല്ല. ഇതിനെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കട്ടെ എന്നാണ് സര്‍ക്കാറിന്റെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ സര്‍ക്കാറിന് ഏറെ സംതൃപ്‌തിയുണ്ട്- മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications