ഫുട്‌ബോള്‍ താരം പെലെയെ തോക്കുചൂണ്ടി കൊള്ളയടിച്ചു
റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയ ബ്രസിലിലെ ഒരു തെരിവില്‍വച്ച് പട്ടാപ്പകല്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്.
സാവോ പോളോയിലെ ഗൗരുജയിലെ ഒരു ചേരിയ്‌ക്കു സമീപം വച്ച് ജൂണ്‍ 13നാണ് ആയുധധാരികളായ ഒരു സംഘമാളുകള്‍ പെലെയെ തോക്കുചൂണ്ടി കൊള്ളയടിച്ചത്.
കാര്‍ തടഞ്ഞുനിര്‍ത്തി പത്തോളമാളുള്ള സംഘം ഇദ്ദേഹത്തിന്റെ സ്വര്‍ണ്ണമാല, മൊബൈല്‍, വിലയേറിയ വാച്ച്, എന്നിവ പിടിച്ചു പറിയ്‌ക്കുയായിരുന്നുവത്രേ. സാന്റോസിനടുത്തുള്ള തന്റെ വസതിയിലേയ്‌ക്ക് പോകുന്നതിനിടെയായിരുന്നത്രേ കൊള്ളസംഘം ഇദ്ദേഹത്തെ തടഞ്ഞുവച്ചത്.
പെലെ തന്നെയാണെന്ന് തിരിച്ചറിഞ്ഞശേഷമാണ് സംഘം പിടിച്ചുപറി നടത്തിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. തിങ്കളാഴ്‌ച ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. സംഭവത്തെക്കുറിച്ച് ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബ്രസീലിയന്‍ പാതകളില്‍ ആയുധധാരികളായ സംഘങ്ങള്‍ ഗതാഗത തടസ്സമുണ്ടാക്കി മോട്ടോര്‍ സൈക്കില്‍ യാത്രക്കാരെയും മറ്റും കൊള്ളയടിക്കുന്നത് പതിവാണ്. പലപ്പോഴും ചേരിപ്രദേശങ്ങള്‍ക്ക് സമീപം വച്ചാണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുള്ളത്.












Click it and Unblock the Notifications