53 മണിക്കൂര്‍ ഗിറ്റാര്‍ വായിച്ച 14കാരന് ഗിന്നസ് റെക്കോര്‍ഡ്
ആഗ്ര: തുടര്‍ച്ചയായി 53 മണിക്കൂര്‍ ഗിറ്റാര്‍ വായിച്ച് പതിനാലുകാരന്‍ ഗിന്നസ് റക്കോര്‍ഡിട്ടു. ആഗ്ര സ്വദേശിയായ ആകാശ് ഗുപ്‌തയാണ് തുടര്‍ച്ചയായി 53മണിക്കൂര്‍ ഗിറ്റാറില്‍ സംഗീത വസന്തം തീര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.
അമേരിക്കക്കാരനായ ബ്രയാന്‍ എന്‍ഗല്‍ഹാര്‍ട് സ്ഥാപിച്ച 44 മണിക്കൂറിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ആകാശ് പുതിയ റക്കോഡിട്ടത്. ഒന്‍പതാം ക്ലാസുകാരനായ ആകാശ് ഞായറാഴ്‌ച കാലത്താണ് തന്റെ ഗിറ്റാര്‍ യജ്ഞം ആരംഭിച്ചത്.
ഇടക്ക് അനുവദനീയമായ ചെറിയ ഇടവേളകളില്‍ വിശ്രമമെടുത്തുകൊണ്ടാണ് ആകാശ് യജ്ഞം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്‌ച കാലത്ത് 6.31ന് ആകാശ് തന്റെ ലക്ഷ്യമായ 53 മണിക്കൂര്‍ പിന്നിട്ടു.
തുടര്‍ന്ന് ഗിന്നസ് ബുക്ക് ഓഫ് റക്കോര്‍ഡ്‌സിന്റെ പ്രതിനിധി റീല്‍ഫ് ഹാന്‍ ആകശിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. 6.31ന് ലക്ഷ്യത്തിലെത്തിയെങ്കിലും ആകാശ് ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 3.30വരെ ഗിറ്റാര്‍ വായന തുടര്‍ന്നു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ആകാശിന് എല്ലാ പിന്തുണയും നല്‍കുന്നത് അമ്മ ഛായാ ഗുപ്‌തയാണ്.












Click it and Unblock the Notifications