ഒബാമയ്‌ക്ക് അനുഗ്രഹമേകാന്‍ ഹനുമാന്‍ പ്രതിമ
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബാരക് ഒബാമയ്‌ക്ക് ഇന്ത്യന്‍ ഭക്തര്‍ ഹനുമാന്‍ പ്രതിമ സമ്മാനിച്ചു. രണ്ടടി ഉയരവും 15 കിലോ ഭാരവുമുള്ള സ്വര്‍ണ്ണം പൂശിയ ഹനുമാന്‍ പ്രതിമയാണ് ഒബാമയ്‌ക്ക് അനുഗ്രഹമേകാന്‍ കടല്‍ കടക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി കാരലിന്‍ സോവേമാര്‍ ചൊവ്വാഴ്‌ച വിഗ്രഹം ഏറ്റുവാങ്ങി. സെന്‍ട്രല്‍ ദില്ലിയിലെ ജണ്ഡേവാലയിലുള്ള സങ്കട് മോചന്‍ ധാം ഹനുമാന്‍ ക്ഷേത്രത്തില്‍ ഒബാമയുടെ വിജയത്തിനായി ഇന്ത്യയിലെ ഹനുമാന്‍ ഭക്തന്മാര്‍ നടത്തുന്ന പൂജ മൂന്നു ദിവസം പിന്നിട്ടു.
സൗഭാഗ്യ ലബ്ധിയ്‌ക്കായി താനെപ്പോഴും ഹനുമാന്റെ ഒരു ചെറിയ വിഗ്രഹം ഒപ്പം കൊണ്ടുനടക്കുന്നതായുള്ള ഒബാമയുടെ വെളിപ്പെടുത്തല്‍ അറിഞ്ഞതിനെത്തുടര്‍ന്നാണ് സങ്കട് മോചന്‍ ക്ഷേത്രത്തിലെ പൂജാരിമാരും ഏതാനും ഹുമാന്‍ ഭക്തരും ചേര്‍ന്ന് ഒബാമയ്‌ക്ക് ഹനുമാന്‍ വിഗ്രഹം സമ്മാനിയ്‌ക്കാനും അദ്ദേഹത്തിനായി പൂജ നടത്താനും തീരുമാനിച്ചത്.
ഒബാമ ഒരു തികഞ്ഞ ഹനുമാന്‍ ഭക്തനാണ്. അദ്ദേഹത്തിന്റെ വിജയം ഇന്ത്യയ്‌ക്കും ഏറെ ഉപകാരപ്പെടും- പൂജയുടെ സംഘാടകനും കോണ്‍ഗ്രസ് നേതാവുമായ ബ്രിജ് മോഹന്‍ ഭാമ പറയുന്നു. ഒബാമയ്‌ക്ക് വോട്ടു രേഖപ്പെടുത്തണമെന്ന് അമേരിക്കയിലെ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കട് മോചന്‍ ക്ഷേത്രത്തില്‍ ഒബാമയ്‌ക്കായി 11 ദിവസത്തെ പൂജയാണ് നടത്തുന്നത്. അത്രയും ദിവസം ഹനുമാന്‍ വിഗ്രഹവും ഇവിടെവച്ച് പൂജിയ്‌ക്കും. അതിന് ശേഷമേ വിഗ്രഹം അമേരിക്കയിലേയ്‌ക്ക് കൊണ്ടുപോവുകയുള്ളു. ഹനുമാനെ ആരാധിക്കുന്ന ഒബാമ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് അദ്ദേഹത്തിന് വേണ്ടി പൂജ നടത്തുന്നവര്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications