മുടന്തന്റെ ഭീഷണി സര്‍ക്കാരിനോട് വേണ്ട
ആലുവ : "ചില മുടന്തന്മാര്‍ മുഴക്കുന്ന ഒരു വീരവാദമുണ്ട്. ഞാനിവിടുന്നൊന്ന് എഴുന്നേറ്റ് വന്നാലുണ്ടല്ലോ. അങ്ങനെയൊരു ഭീഷണിയൊന്നും ഇടതുമുന്നണി സര്‍ക്കാരിനോട് വേണ്ട"
പാഠപുസ്തക വിവാദത്തിന്റെ മറവില്‍ വിമോചന സമരഭീഷണി മുഴക്കുന്നവരോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പാണ് ഇത്. സിപിഎം ആലുവ ഏരിയാ സെക്രട്ടറിയായിരിക്കെ വാഹനാപകടത്തില്‍ മരിച്ച ജോണിയുടെ കുടുംബ സഹായഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകത്തെ എതിര്‍ക്കുന്നവര്‍ മതവിശ്വാസികളല്ല, വര്‍ഗീയവാദികളാണ്. വിവാദമായ സാമൂഹ്യശാസ്ത്ര പുസ്തകം പഠിച്ചാല്‍ ഒരാള്‍ മതവിരുദ്ധനല്ല, മതനിരപേക്ഷനാവുകയേ ചെയ്യൂവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി പുസ്തകമേ വായിക്കാത്തവരാണ് പുസ്തകത്തിന്റെ പേരില്‍ വിവാദവുമായി രംഗത്തിറങ്ങുന്നത്
ഇല്ലാത്ത കാര്യങ്ങളെച്ചൊല്ലി കേരളത്തില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ചില മതമേലധ്യക്ഷന്മാരും ചേര്‍ന്ന് ശ്രമിക്കുന്നത്. പാഠപുസ്തകം മതവിരുദ്ധമല്ലെന്ന് ചിന്താശീലമുളള മതവിശ്വാസികള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഗീയവാദികള്‍ക്ക് മാത്രമേ ഈ പുസ്തകത്തെ എതിര്‍ക്കാന്‍ കഴിയൂ.
പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ലെന്ന് വാശിപിടിക്കുന്ന മാനേജ്‍മെന്റുകള്‍ക്കുളള മറുപടി വിദ്യാഭ്യാസ മന്ത്രി തന്നെ നല്‍കിയിട്ടുണ്ടെന്നും കൂടുതലൊന്നും അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications