വെള്ളിയാഴ്‌ച മുതല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച മുതല്‍ രാത്രി അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തും. വൈകീട്ട് ആറരയ്‌ക്കും 10നും ഇടയിലാണ് ലോഡ്‌ഷെഡിംഗ്.
അരമണിക്കൂര്‍ വീതം രണ്ടുതവണയായി ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വൈദ്യുതിബോര്‍ഡ് ശുപാര്‍ശചെയ്‌തിരുന്നത്. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിയന്ത്രണം അരമണിക്കൂര്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കാലവര്‍ഷം തുടങ്ങാത്തതും കേന്ദ്രപൂളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിവിവിതം വെട്ടിക്കുറച്ചതും മൂഴിയാര്‍ അപകടത്തെത്തുടര്‍ന്ന് ശബരിഗിരി, കക്കാട് പദ്ധതികളിലെ 350 മെഗാവാട്ട് ഉല്‍പാദനം നിലലച്ചതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ വ്യാഴാഴ്‌ച നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ പറഞ്ഞു.
വൈകുന്നേരങ്ങളിലെ ഏറ്റവും വൈദ്യുതി ആവശ്യമുള്ള സമയത്ത് സംസ്ഥാനത്തിന് വേണ്ടത് 2,700 മെഗാവാട്ട് ആണെങ്കിലും ലഭ്യമായത് 2,200 മെഗാവാട്ട് മാത്രമാണ്. മഴ കുറഞ്ഞതുകാരണം ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 1,000 മെഗാവാട്ട് ആയി ചുരുങ്ങി. കേന്ദ്രപൂളില്‍ നിന്നുള്ള 1,041 മെഗാവാട്ടില്‍ കുട്ടുന്നത് 600-700 മെഗാവാട്ട് മാത്രമാണ്- മന്ത്രി പറഞ്ഞു.
മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിന് കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പരമാവധി ലഭിക്കുന്നത് 100 മെഗാവാട്ട് വരെയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ മന്ത്രി പ്രസ്‌താവന നടത്തിക്കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞപ്പോള്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയതായി അറിയിച്ചുകൊണ്ട് വൈദ്യുതിബോര്‍ഡ് വാര്‍ത്താക്കുറിപ്പിറക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications