അനാശാസ്യം: സര്‍ക്കാര്‍ ഉപദേഷ്ടാവിനെ അറസ്റ്റുചെയ്‌തു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ദേശീയ ഉള്‍നാടന്‍ ജലപാത വിഭാഗം ഉപദേഷ്ടാവും ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബി. ആര്‍ മേനോനെ അനാശാസ്യ പ്രവര്‍ത്തനത്തിനിടെ അറസ്റ്റുചെയ്‌തു.
തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇരുപത്തിയൊന്നുകാരിക്കൊപ്പം എറണാകുളം സ്വദേശി ബാലിയം വീട്ടില്‍ ബി. രവി മേനോന്‍ എന്ന ബിആര്‍ മേനോനെ(65) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്.
വെള്ളിയാഴ്‌ച രാവിലെ 10.45നാണ് മേനോന്‍ ഔദ്യോഗിക ആവശ്യത്തിനെന്ന പേരില്‍ ഗസ്റ്റ്‌ഹൗസില്‍ മുറിയെടുത്തത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്‌ത്രീയും അവിടെയെത്തി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 12മണിയോടെ മ്യൂസിയം സിഐ എന്‍.എ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗസ്റ്റ് ഹൗസിലെത്തി മേനോന്‍ എടുത്ത 103ാം നമ്പര്‍ മുറി പരിശോധിച്ചു.
അവിടെ മേനോനോടൊപ്പം യുവതിയെയും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഒപ്പമുള്ളത് തന്റെ ഓഫീസ് ജീവനക്കാരിയാണെന്നും ചില ഫയലുകളും രേഖകളും പരിശോധിക്കാനാണ് എത്തിയതെന്നും മേനോന്‍ പറഞ്ഞു. എന്നാല്‍ യുവതിയെ ചോദ്യം ചെയ്‌തപ്പോള്‍ താന്‍ ചിറയിന്‍കീഴ് വെട്ടൂര്‍ സ്വദേശിയാണെന്നും പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞതിനാലാണ് ഗസ്റ്റ് ഹൗസില്‍ എത്തിയതെന്നും മൊഴി നല്‍കി.
മേനോന്‍ നല്‍കിയതാണെന്ന് സംശയിക്കുന്ന പണം യുവതിയുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനും ഓദ്യോഗിക കൃത്യനിര്‍വ്വഹണത്തിനുമാണ് താന്‍ തലസ്ഥാനത്തെത്തിയതെന്നാണ് മേനോന്‍ പൊലീസില്‍ പറഞ്ഞത്. ഇദ്ദേഹത്തെ ഇരുസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്‌തതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications