ദില്ലിയില്‍ 2000 കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നു
ദില്ലി: എയ്‌ഡ്‌സ് രോഗം കൂടുതലാളുകളിയേക്ക് പടരന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേന്‍(എംസിഡി) നാഷണല്‍ എയ്‌ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു(എന്‍എസിഒ)മായി ചേര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2000ത്തോളം കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നു.
പൊതു കക്കൂസുകള്‍, വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങല്‍, ആശുപത്രികള്‍, ഡിസ്‌പന്‍സറികള്‍ തുടങ്ങിയവയ്‌ക്ക് സമീപമായിരിക്കും കോണ്ടം യന്ത്രങ്ങള്‍ സ്ഥാപിക്കുക. ദില്ലി മുനിസിപ്പാലിറ്റി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രമൊഷന്‍ ട്രസ്റ്റ്, എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്‌റ്റ് ആണ്. ഓരോ യന്ത്രത്തിനും 6000 രൂപ നിരക്കില്‍ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. യന്ത്രത്തില്‍ കോണ്ടം തീരുന്നതിനനുസരിച്ച് പുതിയവ നിക്ഷേപിക്കുന്നതിനും യന്ത്രങ്ങളില്‍ വരുന്ന പണം ശേഖരിക്കുന്നതിനുമായി 82 എന്‍ജിഒകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മെഷീനുകള്‍ വഴി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നും ഇതിന് സാമ്പത്തിക ലക്ഷ്യമില്ലെന്നും എംസിഡി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിജേന്ദര്‍ ഗുപ്‌ത പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധിതി വിജയകരമാവുകയാണെങ്കില്‍ കൂടുതല്‍ യന്ത്രങ്ങള്‍ ദില്ലി നഗരത്തില്‍ സ്ഥാപിക്കുമെന്ന് വിജേന്ദര്‍ ഗുപ്‌ത പറഞ്ഞു.
നാഷണല്‍ എയ്‌ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇതിനകം തന്നെ ഒരീസ്സ, ജാര്‍ഖണ്ഡ്, ബീഹാര്‍, കേരളം, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേസ്, എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുമായി സഹകരിച്ച് കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications