ലൈംഗിക പീഡനം: കാനഡയില്‍ ഇന്ത്യന്‍ ഡോക്‌ടര്‍ അറസ്‌റ്റില്‍
ഒട്ടാവ: രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യന്‍വംശജനായ ഡോക്‌ടര്‍ കാനഡയില്‍ അറസ്‌റ്റിലായി. ഗ്രാന്‍ഡ് പ്രയറി സിറ്റിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പളനിസ്വാമി ഈശ്വരമൂര്‍ത്തി(48)യാണ് ചെറുപ്പക്കാരായ രോഗികളെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഡോക്‌ടറുടെ പീഡനത്തിനിരയായിട്ടുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. കാനഡയില്‍ ഇന്ത്യക്കാരനായ ഒരു ഡോക്ടര്‍ ഇത്തരത്തിലുള്ള ഒരു കേസില്‍പ്പെടുന്നത് ഇതാദ്യമാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യക്കാരിയായ മറ്റൊരു ഡോക്‌ടറുമൊത്ത് 2001ലാണ് പളനിസ്വാമി വാന്‍കോവറിനടുത്ത് ഗ്രാന്‍ഡ് പ്രയറിയില്‍ ക്ലിനിക്കാരംഭിച്ചത്. അന്നുമുതല്‍ ഇയാള്‍ രോഗികളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയോടെ പളനിസ്വാമിയെ വിട്ടയച്ചു. തുടര്‍നടപടികള്‍ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണം. കുറ്റം തെളിഞ്ഞാല്‍ തടവുശിക്ഷയ്‌ക്കു പുറമേ രോഗികളെ ചികിത്സിക്കാനുള്ള ലൈസന്‍സും പളനിസ്വാമിക്കു നഷ്‌ടപ്പെടും












Click it and Unblock the Notifications