ഈ വണ്ടി ആര്‍ക്കു വേണ്ടി.........
ബാംഗ്ലൂര്‍ : ഉദ്യാനനഗരത്തിലെ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി യശ്വന്ത് പുര ഗരീബി രഥത്തിന്റെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
രാത്രി എട്ടുമണിക്ക് കൊച്ചുവേളിയില്‍ നിന്നും തിരിക്കുന്ന ഗരീബി രഥ് (2258) പിറ്റേന്നു രാവിലെ 11.30നാണ് യശ്വന്ത്പുരയിലെത്തുന്നത്. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് കൊച്ചുവേളി യശ്വന്ത്‍പുര ട്രെയിന്‍ ഓടുന്നത്.
മടക്ക ട്രെയിന്‍ (2257) ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ഒമ്പതിന് യശ്വന്ത്പുരയില്‍ നിന്നും പുറപ്പെടും. പിറ്റേന്ന് ഉച്ച തിരിഞ്ഞ് 12.40നാണ് ഇത് കൊച്ചുവേളിയിലെത്തുക.
എന്നുമുതലാണ് ട്രെയിന്‍ ഓടിത്തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരുകൊല്ലത്തേയ്ക്കാണ് ഈ ടൈംടേബിള്‍ പ്രാബല്യത്തിലുളളത്.
എന്നാല്‍ പലതുകൊണ്ടും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ടൈംടേബിളാണ് കൊച്ചുവേളി യശ്വന്ത്പുര ഗരീബിരഥത്തിന്റേത് എന്ന് ആരോപണമുണ്ട്. തിരുവനന്തപുരത്തു നിന്നും ഇപ്പോള്‍ ബാംഗ്ലൂരിലെത്തുന്ന എല്ലാ ട്രെയിനുകളും രാവിലെ ഒമ്പതുമണിക്കകം ബാംഗ്ലൂരില്‍ എത്തുന്ന വിധമാണ് ഓടുന്നത്.
ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് വളരെ സൗകര്യമാണ്. ഒരു ദിവസത്തെ അവധിയെടുക്കലില്‍ നിന്ന് രക്ഷപെടാനാവും എന്നതാണ് ഈ സമയക്രമത്തിന്റെ മെച്ചം.
എന്നാല്‍ ഗരീബിരഥം രാത്രി എട്ടുമണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 11.30ന് ബാംഗ്ലൂരിലെത്തുമ്പോള്‍ അന്നേ ദിവസം ആര്‍ക്കും ജോലിക്കോ പഠിക്കാനോ പോകാനാവില്ല. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്കും തിരികെ വരുന്നവര്‍ക്കും ഒരു പ്രയോജനവുമുണ്ടാകാത്ത സമയക്രമമാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബാംഗ്ലൂര്‍ തിരുവനന്തപുരം റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശം കൊണ്ട് പണം കൊയ്തുവാരുന്നത് സ്വകാര്യ ബസുകാരാണ്. ഇവരുടെ സ്വാധീനം മൂലമാണ് ബാംഗ്ലൂര്‍ തിരുവനന്തപുരം റൂട്ടില്‍ ആവശ്യത്തിന് ട്രെയിന്‍ ഉണ്ടാകാത്തത് എന്നത് നേരത്തെ നിലനില്‍ക്കുന്ന ആരോപണമാണ്.
922 കിലോമീറ്റര്‍ റെയില്‍ദൂരമുളള ചെന്നൈ തിരുവനന്തപുരം റൂട്ടില്‍ (കോട്ടയം വഴി) സൂപ്പര്‍ഫാസ്റ്റ് ട്രെയിന്റെ യാത്രാ സമയം പതിനഞ്ചു മണിക്കൂര്‍ 45 മിനിട്ടാണ്. 836 കിലോമീറ്ററാണ് ബാംഗ്ലൂര്‍ തിരുവനന്തപുരം റെയില്‍ ദൂരം (ആലപ്പുഴ വഴി) താണ്ടാന്‍ ഗരീബിരഥവും ഏതാണ്ട് അതേ സമയം തന്നെയാണ് എടുക്കുന്നത്.
സോഫ്റ്റ്വെയര്‍ മേഖലയിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് തീരെ അസൗകര്യമായ ഈ യാത്രാ സമയം സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനെ പ്രീണിപ്പിക്കാനാണ് എന്ന് വ്യക്തമാണ്. എഴുനൂറിലേറെ രൂപ ഒരു ദിശയിലെ യാത്രയ്ക്ക് ചെലവിട്ട് എത്ര സാധാരണക്കാര്‍ ഗരീബി രഥം ഉപയോഗിക്കുമെന്നും കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications