മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് ജീവന്‍
കൊല്‍ക്കത്ത: കാത്തിരുന്നുണ്ടായ കണ്‍മണി ചാപിള്ളയാണെന്നറിയുക സംസ്‌കാരച്ചടങ്ങിനിടയില്‍ കുട്ടിയ്‌ക്ക് ജീവനുണ്ടെന്ന് തിരിച്ചറിയുക. തീര്‍ത്തും വ്യത്യസ്‌തമായ വിധിയായിരുന്നു ബംഗാള്‍ സ്വദേശികളായ സംഗീത-മാനസ് ദാസ് എന്നീ ദമ്പതികളെ കാത്തിരുന്നത്.
തിങ്കളാഴ്‌ച രാത്രി പ്രവസവേദനയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത ചൊവ്വാഴ്‌ച പുലര്‍ച്ചയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ മാസം തികയാതെയാണ് സംഗീതപ്രസവിച്ചതെന്നും കുഞ്ഞ് ചാപിള്ളയാണെന്നുമാണ് പ്രസവശുശ്രൂഷനടത്തിയവര്‍ വിവരം നല്‍കിയത്.
കൊല്‍ക്കത്തയിലെ ബെല്ലി വ്യൂ ആശുപത്രിയിലാണ് സംഗീതയെ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ജനനവും കാത്ത് പുറത്ത് നിന്ന മാനസ് ദാസിനോടും ബന്ധുവിനോടും നഴ്‌സുമാര്‍ താഴെ നിലയില്‍ പോയി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇവര്‍ താഴെ നിലയിലേയ്‌ക്ക് പോയി. പ്രസവശേഷം സംഗീതയെ മുറിയിലേക്ക് മാറ്റിയെങ്കിലും അധികൃതര്‍ കുട്ടിയെ കാണിച്ചില്ല.
തങ്ങളുടെ കുഞ്ഞ് ചാപിള്ളയാണെന്ന് സംഗീതയാണ് മാനസിനെ അറിയിച്ചത്. കുഞ്ഞ് ചാപിള്ളയാണെന്നറിഞ്ഞ വേദനയില്‍ കുട്ടിയെ ഒന്നുകാണിച്ചുതരാന്‍ പറയാന്‍ മാനസിനും കഴിഞ്ഞില്ല. പിന്നീട് വിവരമറിഞ്ഞ് കുടുംബാംഗങ്ങള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ഇവര്‍ക്ക് കൈമാറുന്നത്. അപ്പോഴേയ്‌ക്കും പ്രസവം കഴിഞ്ഞിട്ട് പത്തുമണിക്കൂര്‍ കഴിഞ്ഞിരുന്നു.
മൃതദേഹം മടിയില്‍ക്കിടത്തി ഇരിക്കുന്നതിനിടെ ശരീരത്തില്‍ നേരിയ ചൂടനുഭവപ്പെട്ട മാനസ് വെറുതെ കുഞ്ഞിന്റെ ശരീരം നിരീക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിന് ചൂടുണ്ടെന്നും കുഞ്ഞ് ശ്വസിക്കുന്നുണ്ടെന്നും മാനസ് കണ്ടെത്തി. വിവരം ഡോക്ടര്‍മാരെ അറിയിച്ചു. ഉടന്‍തന്നെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്‌തു. ഇപ്പോള്‍ കുഞ്ഞിന്റെ നില മെച്ചപ്പെട്ടുവരുകയാണ്.
സംഭവത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മാനസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം അനാസ്ഥമൂലമല്ലെന്നും കുഞ്ഞ് മരിച്ചതായി തെറ്റിദ്ധരിച്ചതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ടെന്ന് ബില്ലി വ്യൂ ആശുപത്രി സിഇഒ അറിയിച്ചു.
പ്രസവത്തിനായി സംഗീതയെ ലേബര്‍ റൂമില്‍ കയറ്റിയപ്പോള്‍ അതിനകത്ത് ഡോക്ടര്‍മാരൊന്നും ഉണ്ടായിരുന്നില്ലെന്നും നഴ്‌സുമാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് തങ്ങള്‍ക്ക് കാണാമായിരുന്നുവെന്നും ആശുപത്രിയിലുണ്ടായിരുന്ന ഇവരുടെ ബന്ധു പറയുന്നു. ഇതിനിടയിലാണത്രേ താഴത്തെ നിലയില്‍പ്പോയി കാത്തുനില്‍ക്കാന്‍ മാനസിനോടും ബന്ധുവിനോടും നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. എന്തായാലും പത്തുമണിക്കൂര്‍ കഴിഞ്ഞാണെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയ സന്തോഷത്തിലാണ് മാനസും കുടുംബവും.












Click it and Unblock the Notifications