മാനഭംഗത്തിനിരയായ 14കാരി തീകൊളുത്തി മരിച്ചു
ഗാസിയാബാദ്: അയല്‍ക്കാരനും സുഹൃത്തും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതിനെത്തുടര്‍ന്ന് പതിനാലുകാരി തീകൊളുത്തി മരിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മുഹമദ്‌പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അയല്‍ക്കാരനും അയാളുടെ കൂട്ടുകാരനും ചേര്‍ന്ന് തിങ്കളാഴ്‌ചയാണ് മാനഭംഗപ്പെടുത്തിയത്.
ഇതില്‍ മനംനൊന്ത് തീകൊളുത്തിയ പെണ്‍കുട്ടിയെ ഗുരുതരമായ പരുക്കുകളോടെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെയം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാളുമായി കുട്ടിയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പതിനൊന്നുവര്‍ഷം മുമ്പ് പിതാവ് മരിച്ച കുട്ടിയും അമ്മയും വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് കുട്ടി വെള്ളം ശേഖരിക്കാനായി വീട്ടില്‍ നിന്നും പുറത്തേയ്‌ക്കിറങ്ങി അയല്‍വീട്ടിനടുത്തുകൂടി നടന്നുവരുമ്പോള്‍ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ വലിച്ച് വീട്ടിനകത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.
തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. കാര്യം ഗ്രാമപഞ്ചായത്തില്‍ പരാതിപ്പെടാമെന്നും പ്രതികള്‍ക്കിരുവര്‍ക്കും ശിക്ഷകിട്ടുമെന്നും പറഞ്ഞ് ഇവര്‍ മകളെ ആശ്വസിപ്പിച്ചു. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.












Click it and Unblock the Notifications