കൂടിയാട്ടത്തിന്റെ കുലപതി ഗുരു അമ്മന്നൂര്‍ അരങ്ങൊഴിഞ്ഞു
ഇരിങ്ങാലക്കുട: കൂടിയാട്ടത്തിന്റെ കുലപതി ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി ഒമ്പതരയോടെ ഇരിങ്ങാലക്കുടയിലെ വസതിയിലായിരുന്നു അന്ത്യം.
ഒരു വര്‍ഷത്തോളമായി രോഗംബാധിച്ച് കിടപ്പിലായിരുന്നു. ശവസംസ്‌കാരം ബുധനാഴ്‌ച ഉച്ചയ്‌ക്ക് വീട്ടുവളപ്പില്‍ നടക്കും. പാറുക്കുട്ടി നങ്ങ്യാരമ്മയാണ് മാധവചാക്യാരുടെ ഭാര്യ. ഇവര്‍ക്ക് മക്കളില്ല.
രണ്ടായിരം വര്‍ഷങ്ങളോളം ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന കൂടിയാട്ടം എന്ന മഹത്തായ കലയെ ലോകമൊട്ടുക്കുമുള്ള അരങ്ങുകളിലേയ്‌ക്ക് എത്തിച്ചത് ഇദ്ദേഹമായിരുന്നു.
1917 മെയ് 13ന് ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാക്യാര്‍ മഠത്തില്‍ ജനിച്ച ഇദ്ദേഹം അമ്മാവന്മാരായ ചാച്ചു ചാക്യാരെയും മാധവചാക്യാരെയും പിന്തുടര്‍ന്നാണ് കലയുടെ ലോകത്തെത്തിയത്.
പതിനൊന്നാം വയസ്സില്‍ അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ഭാസനാടകത്തിലെ സൂത്രധാരന്റെ വേഷമായിരുന്നു ആദ്യ അരങ്ങില്‍ അവതരിപ്പിച്ചത്. പാരമ്പര്യ രീതിയിലുള്ള പഠനത്തിന് ശേഷം നാട്യശാസ്‌ത്ര പണ്ഡിതനായിരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിത്തമ്പുരാന്റെ ശിഷ്യനായി രസാഭിനയവും അഭിനയത്തിലെ വായുനിയന്ത്രണവും അഭ്യസിച്ചു.
കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, പത്മശ്രീ, കാളിദാസ പുരസ്‌കാരം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. കൂടിയാട്ടത്തിന് യുന്‌സ്‌കോ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചു.












Click it and Unblock the Notifications