നാലുവയസ്സുകാരന്‍ രാത്രി 8വരെ ക്ലാസ്‌മുറിയില്‍ കുടുങ്ങി
ഇരിക്കൂര്‍(കണ്ണൂര്‍): സ്‌കൂള്‍ അടച്ചയാളുടെ അശ്രദ്ധകാരണം എല്‍കെജി ക്ലാസുകാരന്‍ മണിക്കൂറുകളോളം ക്ലാസ് മുറിയില്‍ കുടുങ്ങി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.
ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ കൈരളി ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്‌ച വൈകുന്നേരം സ്‌കൂള്‍ വിട്ടസമയത്ത് ക്ലാസ്‌മുറിയില്‍ അകപ്പെട്ട പ്രയാഗിനെ(4) തിരച്ചിലിനൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കണ്ടെത്തിയത്.
വൈകീട്ട് സ്‌കൂളില്‍ നിന്നും പതിവായി കൊണ്ടുവിടാറുള്ള ജീപ്പില്‍ പ്രയാഗ് എത്താതിരുന്നതോടെയാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ആദ്യമെത്തുന്ന ജീപ്പിന്റെ ഡ്രൈവര്‍ കുട്ടി പുറകിലെത്തെ ജീപ്പിലുണ്ടാകുമെന്നു പറഞ്ഞെങ്കിലും അതിലും കുട്ടി എത്തിയില്ല. തുടര്‍ന്ന് രാത്രി സ്‌കൂള്‍ പരിസരത്ത് തിരച്ചില്‍ നടത്തുന്നതിനിടയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സ്‌കൂള്‍ മുറി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ജീവനക്കാരന്‍ സി.സി പ്രകാശിന്റെ പുത്രനാണ് പ്രയാഗ്. സംഭവത്തെത്തുടര്‍ന്ന് പ്രകാശിന്റെ സഹോദരന്‍ രാമചന്ദ്രന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തരെ സ്‌കൂളില്‍ നിന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പരുക്കേറ്റ ഇന്ത്യാവിഷന്‍ കാമറാമാന്‍ കെ.പി സാജനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ അനന്തകൃഷ്‌ണനും മര്‍ദ്ദനം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ജയ്‌ഹിന്ദിലെ ശ്യാംകുമാര്‍, രവീന്ദ്ര സാഗര്‍, കൈരളി ചാനലിലെ എം മധുസൂദനന്‍, ടികെ ബാബുരാജ് എന്നിവര്‍ക്കുനേരെയും അക്രമമുണ്ടായി. കൈരളി ടിവിയുടെ ക്യാമറ പിടിച്ചെടുക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് ഇരിക്കൂര്‍ എസ്‌ഐ വി രമേശിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ പ്രതിയായ ചെങ്ങളായി തവറൂലിലെ സര്‍വോത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥി ഉറങ്ങിപ്പോയതിനാല്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ സ്‌കൂളധികൃതര്‍ക്ക് പങ്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications