വിദ്യാര്‍ത്ഥിനിയെ വസ്‌ത്രമുരിഞ്ഞ് പരിശോധിച്ച ടീച്ചര്‍മാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി വിദ്യാര്‍ത്ഥിനിയെ വസ്‌ത്രമുരിഞ്ഞ് പരിശോധിച്ച വെട്ടുകാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
വെട്ടുകാട് സ്വദേശിനിയായ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളിലെ അധ്യാപികമാര്‍ ചേര്‍ന്ന് വസ്‌ത്രമുരിഞ്ഞ് പരിശോധിച്ചത്. ഇത് അധ്യാപകരില്‍ ചിലര്‍ കണ്ടതിലുള്ള മാനസിക വിഷമം മൂലം കുട്ടി തിങ്കളാഴ്‌ച വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.
കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയാണ്. ക്ലാസില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി അധ്യാപകര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍കണ്ടെത്തുന്നതിനായാണ് അധ്യാപികമാര്‍ കുട്ടിയെ വസ്‌ത്രമുരിഞ്ഞ് പരിശോധിച്ചത്.
എന്നാല്‍ സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ ശാസിച്ചതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇതിനിടെ കുട്ടിയുടെ വസ്‌ത്രം അഴിച്ച് പരിശോധന നടത്തിയെന്ന വാര്‍ത്ത സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
വലിയതുറ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ചൊവ്വാഴ്‌ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അപ്പോള്‍ അധ്യാപികമാര്‍ മൊബൈല്‍ കണ്ടെത്താന്‍ പരിശോധന നടത്തിയെന്നകാര്യം കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തുണിയുരിഞ്ഞാണോ പരിശോധന നടത്തിയതെന്നകാര്യം വ്യക്തമല്ല. ശ്വാസതടസ്സം നേരിടുന്നതിനാല്‍ കുട്ടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പികെ ശ്രീമതി തിരുവനന്തപുരത്ത് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications