എസ്‌എംഎസ് ഭാഷ ഉത്തരക്കടലാസിലും
ബാംഗ്ലൂര്‍: മൊബൈല്‍ സന്ദേശങ്ങള്‍ക്കായി വാക്കുകള്‍ക്ക് ചുരുക്കെഴുത്തുകള്‍ കണ്ടെത്തിയ യുവതലമുറ ഈ ഭാഷ പരീക്ഷാഹാളുകളിലും പരീക്ഷിയ്‌ക്കുന്നു.
ബാഗ്ലൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപിലാണ് എസ്‌എംഎസ് ഭാഷ വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 'യു', 'സീ', 'ഫോര്‍' തുടങ്ങി പലവാക്കുകള്‍ക്കും വെറും അക്ഷരങ്ങളോ അക്കങ്ങളോ ഉപയോഗിച്ചുള്ള ചുരുക്കെഴുത്തുകളാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരം ഭാഷയില്‍ എസ്‌എംഎസ് അയച്ച് ശീലമുള്ള അധ്യാപകരില്‍ച്ചിലര്‍ ഇത്തരം പ്രയോഗങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ മനസ്സിലാവുകയും അവര്‍ വാക്കുകള്‍ തിരിച്ചറിഞ്ഞ് അവയ്‌ക്ക് മാര്‍ക്ക് നല്‍കുകയും ചെയ്‌തു. എന്നാല്‍ ചില മുതിര്‍ന്ന അധ്യാപകര്‍ക്ക് ഈ കുട്ടിക്കളി ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ഒരു മാര്‍ക്കുപോലും നല്‍കാതെ ഇവര്‍ ഉത്തരക്കടലാസുകള്‍ മൊത്തത്തില്‍ വെട്ടിക്കളയുകയും ചെയ്‌തുവത്രേ.
മൂല്യനിര്‍ണ്ണയത്തിനിടെ ഇരുപത് ശതമാനത്തോളം വിദ്യാര്‍ത്ഥികളും ഈ എസ്‌എംഎസ് ഭാഷ ഉത്തരക്കടലാസിലും ഉപയോഗച്ചതായാണ് താന്‍ കണ്ടെത്തിയതെന്ന് സുരാന കോളെജിലെ പ്രിന്‍സിപ്പലും കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം അധ്യാപകനുമായ ചന്ദ്രമൗലി പറയുന്നു.
'because' എന്നതിന് 'bcoz', 'between' എന്നത് 'btw', 'why' യ്‌ക്ക് പകരം 'y', 'you' എന്നത് 'u' എന്നീ വാക്കുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ചുരുക്കെഴുത്തുകള്‍ ഉപയോഗിച്ചിരിക്കുന്നത്
പതിവായി എസ്‌എസ് എസ് ചെയ്യുന്ന കുട്ടികളില്‍ ഈ ഭാഷ സ്വാധീനം ചെലുത്തുന്നു. പലര്‍ക്കും ഇംഗ്ലീഷ് ഭാഷ ഈ രീതിയിലാണ് ഇപ്പോള്‍ വരുന്നത്. പലര്‍ക്കും യഥാര്‍ത്ഥ വാക്കുകളുടെ സ്‌പെല്ലിംഗ് പോലും അറിയില്ല- ചന്ദ്രമൗലി പറയുന്നു.
ഒരു ആശയവിനിമയ രീതിയെന്നനിലയില്‍ താനീ ഭാഷയെ എതിര്‍ക്കില്ലെന്നും. ഈ ഭാഷയിലൂടെ അവര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഇതിനെ ഒരു ആഗോള ഭാഷയല്ലെന്നും വ്യക്തികള്‍ക്കനുസരിച്ച് ഇതിന് വ്യത്യാസം വരുന്നതിനാല്‍ പരീക്ഷപോലുള്ള കാര്യങ്ങളില്‍ ഈ ഭാഷ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ചന്ദ്രമൗലി പറയുന്നു. മൂല്യനിര്‍ണ്ണയ ക്യാപില്‍ പങ്കെടുത്ത പല അധ്യാപകരും ഉത്തരക്കടലാസുകളില്‍ എസ്‌എംഎസ് ഭാഷ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുകയാണ്.












Click it and Unblock the Notifications