കാമുകിയോട് പന്തയം വച്ച് ഹിറ്റ്‌ലര്‍ പ്രതിമയുടെ തലവെട്ടി
ബര്‍ളിന്‍: മദേം തുസേഡ് മെഴുകു മ്യൂസിയത്തിന്റെ ബര്‍ലിനിലെ ശാഖയില്‍ സ്‌ഥാപിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രതിമയുടെ തല ഒരു ജര്‍മ്മന്‍കാരന്‍ മുറിച്ചുമാറ്റി. വെള്ളിയാഴ്‌ചയാണ് ജര്‍മ്മന്‍കാരനായ ഫ്രാങ്ക് ഈകൃത്യം നിര്‍വ്വഹിച്ചത്.
വെള്ളിയാഴ്‌ച മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത് അല്‍പസമയത്തിനുള്ളില്‍ അവിടെയെത്തിയ 41കാരനായ ജര്‍മ്മന്‍ വംശജന്‍ പ്രതിമയുടെ തലവെട്ടുകയയിരുന്നു. പ്രതിമയുടെ സൂക്ഷിപ്പുകാരനെയും മാനേജരെയും തള്ളിമാറ്റിയായിരുന്നു ഇയാള് പ്രതിമയുടെ തലവെട്ടിയത്.
ഒരു വാതുവെയ്‌പില്‍ ജയിക്കാനാണ് താന്‍ പ്രതിമയുടെ തലവെട്ടിയതെന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിതനായ പ്രതി പിന്നീട് ഒരു ദിനപ്പത്രത്തോട് വെളിപ്പെടുത്തി. തനിയ്‌ക്ക് ഇടതുപക്ഷത്തോട് ചായ്‌വുണ്ടെങ്കിലും താനൊരു തീവ്ര ഇടതുപക്ഷചായ്‌വുള്ളയാളല്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.
മ്യൂസിയം തുറക്കുന്ന ദിവസം തന്നെ ഹിറ്റ്‌ലര്‍ പ്രതിമയുടെ തലവെട്ടുമെന്ന് ഇയാള്‍ കാമുകിയോട് പന്തയം വച്ചിരുന്നുവത്രേ. ബെര്‍ലിനില്‍ ജൂത മ്യൂസിയത്തിനടുത്തു തന്നെയാണ് മദേം തുസേഡ് മെഴുകുപ്രതിമാ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെന്നകാര്യം തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഫ്രാങ്ക് പറഞ്ഞു. ഫ്രാങ്കിന്റെ പ്രവൃത്തിയില്‍ തനിക്കഭിമാനമുണ്ടെന്ന് പിന്നീട് കാമുകി വോണ്‍ പറഞ്ഞു.
ഹിറ്റ്‌ലറുടെ മെഴുകു പ്രതിമ മ്യൂസിയത്തില്‍ വെയ്‌ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാല്‍ മ്യൂസിയം അധികൃതര്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഹിറ്റ്‌ലറുടെ ചിത്രമില്ലാതെ ചരിത്രം പൂര്‍ണ്ണമാകില്ലെന്നാണ് കുടുതല്‍ പേരും പ്രതികരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ഹിറ്റ്‌ലറുടെ പരാജിത ഭാവത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരുന്നത്.
ഒട്ടോവന്‍ ബിസ്മാര്‍ക്ക്, കാള്‍ മാര്‍ക്സ്, ബീഥോവന്‍, ഐന്‍സ്റ്റിന്‍ തുടങ്ങിയ ജര്‍മ്മനിയുടെ ചരിത്ര പുരുഷന്‍മാരുടെ പ്രതിമയും മ്യൂസിയത്തിലുണ്ട്.












Click it and Unblock the Notifications