ഇടത് തീരുമാനം ചൊവ്വാഴ്‌ച തന്നെ
ദില്ലി: ആണവക്കരാറുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഇടത് പാര്‍ട്ടികള്‍ ചൊവ്വാഴ്‌ച പിന്‍വലിച്ചേക്കും.
ചൊവ്വാഴ്‌ച രാവിലെ പതിനൊന്നരയ്‌ക്കു ചേരുന്ന ഇടതു കക്ഷികളുടെ യോഗത്തില്‍ മിക്കവാറും പിന്തുണ പിന്‍വലിയ്‌ക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള കത്ത് നാല് ഇടതുപക്ഷ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് രാഷ്ട്രപതിയ്‌ക്ക് ഇന്നോ നാളെയോ ആയി കൈമാറും.
ഇടത് പക്ഷം നല്‌കിയ അന്ത്യശാസനം അവസാനിയ്‌ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‌ക്കെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി നല്‌കിയ മറുപടിയ്‌ക്ക് വിരുദ്ധമായി കരാറുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി വിയന്നയില്‍ പ്രഖ്യാപിച്ചതാണ് പിന്തുണ പിന്‍വലിയ്‌ക്കാന്‍ വൈകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഇടതു കക്ഷികളെ കൊണ്ടെത്തിച്ചത്.
കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന വികാരമാണ് ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. മാന്യതയില്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഇടതു നേതാക്കള്‍ കരുതുന്നു.
ഇതിനിടെ ഇടത് കക്ഷികള്‍ പിന്തുണ പിന്‍വലിച്ചാലുടനെ യുപിഎ സര്‍ക്കാരിന് സമാജ് വാദി പാര്‍ട്ടി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിയ്‌ക്കും. എസ്‌പിയുടെ പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ചാണ് പ്രധാനമന്ത്രി വിശ്വാസ വോട്ടിനെ അഭിമുഖീകരിയ്‌ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. ജി-എട്ട് യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലേക്കുള്ള യാത്രയ്‌ക്കിടയില്‍ വിമാനത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിയ്‌ക്കുമ്പോഴാണ് ആണവക്കരാറില്‍ ഒപ്പിടുന്നതിന് ഐഎഇയെ ഉടനെ സമീപിയ്‌ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications