ചിറാപുഞ്ചി നനവുള്ള മരുഭൂമിയാകുന്നു
ചിറാപുഞ്ചി(മേഘാലയ): ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിയ്‌ക്കുന്ന പ്രദേശമെന്ന് ഒരു കാലത്ത് പ്രശസ്‌തിയുണ്ടായിരുന്ന ചിറാപുഞ്ചിയ്‌ക്ക് പുതിയൊരു വിശേഷണം കൂടി.
ഭൂമിയിലെ ആദ്യത്തെ നനവുള്ള മരുഭൂമിയെന്നാണ് തദ്ദേശവാസികള്‍ ചിറാപുഞ്ചിയ്‌ക്ക് നല്‌കിയിരിക്കുന്ന പുതിയ വിശേഷണം.
ലോകത്തെ ഏറ്റവും നനവേറിയ പ്രദേശമായ ഇവിടെ പെയ്യുന്ന മഴയുടെ അളവ് വന്‍തോതില്‍ കുറയുന്നതാണ് ചിറാപുഞ്ചിയ്ക്ക് ഇത്തരത്തിലൊരു വിശേഷണം നല്കാന്‍ നാട്ടുകാരെ പ്രേരിപ്പിയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 700 മില്ലിമീറ്റര്‍ കുറവ് മഴയാണ് ഈ വര്‍ഷം പെയ്‌തത്. മണ്‍സൂണ്‍കാലത്ത് ഒരു മാസം 2793.9 മില്ലിമീറ്റര്‍ മഴ ഇവിടെ പെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ചത് 2092.6 മില്ലിമീറ്റര്‍ മഴയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശരാശരി പെയ്യുന്ന മഴയുടെ അളവും ആശങ്കാജനകമായ രീതിയില്‍ കുറഞ്ഞു വരികയാണ്.
ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്‌ദ്ധ സംഘം ചിറാപുഞ്ചിയില്‍ പഠനം നടത്താനെത്തുന്നുണ്ട്. വന്‍ തോതിലുള്ള വനനശീകരണം തന്നെയാണ് മഴ കുറയാന്‍ കാരണമെന്നാണ് വിദഗ്‌ദ്ധരുടെ പ്രാഥമിക നിഗമനം.
നേരത്തെ മേഘാലയ ഗവണ്‍മെന്റ് ചിറാപുഞ്ചിയിലെ മഴവെള്ള സംരക്ഷണത്തിനായി ഇസ്രായേല്‍ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് കോപ്പറേഷനുമായി ധാരണപത്രം ഒപ്പിട്ടിരുന്നു.












Click it and Unblock the Notifications