മലയാളി നഴ്‌സിനെ ഡോക്ടര്‍ ചെരുപ്പുകൊണ്ടടിച്ചു
ദില്ലി: മലയാളിയായ നഴ്‌സിനെ ഡോക്ടര്‍ ജോലിക്കിടെ ചെരുപ്പുകൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. വികാസ്‌പുരി ആനന്ദ് ആശുപത്രിയിലെ നഴ്‌സായ കോട്ടയം സ്വദേശി സജിനിയ്‌ക്കാണ് ഡോക്ടറുടെ മര്‍ദ്ദനമേറ്റത്.
സംഭവത്തെത്തുടര്‍ന്ന് സജിനി ഡോക്ടര്‍ ബിഎസ് സൈഗാളിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നജഫ്‌ഗഡിലെ ആനന്ദ് എക്‌സറേ ക്ലിനിക്കില്‍ തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്.
ജോലിക്കിടെ നടന്നുപോകുമ്പോള്‍ സജിനിയെ മര്‍ദ്ദിക്കാന്‍ ഡോക്ടര്‍ മറ്റു ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ സിജിനിയെ മര്‍ദ്ദിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റുള്ളവര്‍ നോക്കിനില്‍ക്കെ ഡോക്ടര്‍ സ്വന്തം ചെരുപ്പൂരി സജിനിയെ അടിക്കുകയായിരുന്നുവത്രേ.
എതിര്‍ക്കാന്‍ ശ്രമിച്ചവരെ ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ടെറസിന് മുകളില്‍ നിന്ന് താഴെയിട്ടാലും ചോദിക്കാന്‍ ആരും വരില്ലെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും മറ്റു ജീവനക്കാര്‍ മൊഴിനല്‍കിയിട്ടുണ്ട് .
മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദില്ലിയില്‍ പീഡനത്തിനിരയാകുന്ന മലയാളികളുടെ എണ്ണം കൂടിവരുകയാണെന്ന് ഈയിടെ നടന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കരോള്‍ ബാഗിലെ ആശുപത്രിയില്‍ ഒരാഴ്‌ചമുമ്പ് ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ പുരുഷ നഴ്‌സ് മര്‍ദ്ദിക്കപ്പെട്ടിരുന്നു.
ഇതിന് രണ്ടുമാസം മുമ്പ് സാകേതിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മലയാളം സംസാരിച്ച നഴ്‌സിനെ ഉത്തരേന്ത്യക്കാരിയായ മുതിര്‍ന്ന നഴ്‌സ് അടിച്ചതും വാര്‍ത്തയായിരുന്നു. പുറത്തുനിന്നും ആരെങ്കിലും ഇടപെടുന്നതിന് മുമ്പ് അന്നത്തെ പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications