കേന്ദ്രസര്‍ക്കാര്‍ വിശ്വാസവോട്ട് തേടും
ദില്ലി: ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ലോക്‌സഭയില്‍ വിശ്വാസവോട്ട് തേടാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുമെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചകാര്യം ഇടതുപാര്‍ട്ടികള്‍ രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചശേഷമാണ് തീയതി തീരുമാനിക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഓഗസ്‌റ്റ് 11ന് തുടങ്ങി സെപ്‌റ്റംബര്‍ 5ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പായി ഒരു ഹ്രസ്വസമ്മേളനം വിളിച്ച് വിശ്വാസവോട്ട് തേടാനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് ഇടതുപാര്‍ട്ടികള്‍ ബുധനാഴ്‌ച രാഷ്ട്രപതിയ്‌ക്ക് കത്ത് നല്‍കും. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന ആവശ്യമുന്നയിക്കുമെന്ന് ഇടതുപക്ഷം നേരത്തേ അറിയിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചത്.
വിശ്വാസവോട്ട് തേടുന്നതുവരെ ആണവസുരക്ഷിതത്വകാരറില്‍ ഒപ്പുവയ്‌ക്കുന്നതിന്റെ അടുത്ത നടപടികള്‍ക്കായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കില്ലെന്ന് പ്രണബ് മുഖര്‍ജി അറിയിച്ചിട്ടുണ്ട്.
ബിജെപിയും സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന പ്രധാനചേരി പിന്തുണ പിന്‍വലിക്കുമ്പോള്‍ വിശ്വാസവോട്ട് തേടുന്നതാണ് കീഴ് വഴക്കം. ന്യൂനപക്ഷസര്‍ക്കാര്‍ ഒരു രാജ്യാന്തരകരാറില്‍ ഒപ്പിടുന്നത് ഉചിതമല്ലെന്നിരിക്കേ വിശ്വാസവോട്ട് നേടുന്നത് വരെ കരാറിന്റെ തുടര്‍നടപടി മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.
ഇതിന് മുമ്പ് ജപ്പാനില്‍ ജി-എട്ട് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി പ്രണബ് ആശയവിനിമയം നടത്തിയിരുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ യുപിഎ ശക്തമാക്കിയിട്ടുണ്ട്. ഒറ്റയംഗപാര്‍ട്ടികളും കക്ഷിരഹിതരുമായി പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍ രവി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
അതേസമയം സര്‍ക്കാറിനുള്ള പിന്തുണ വാഗ്‌ദാനം ചെയ്യാന്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ബുധനാഴ്‌ച രാഷ്ട്രപതിയെ സന്ദര്‍ശിച്ച് കത്തുനല്‍കുന്നുണ്ട്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യുപിഎയുടെ അംഗബലം 226ആയി കുറയും. സമാജ് വാദി പാര്‍ട്ടിയിലെ 39എംപിമാര്‍ പിന്തുണ നല്‍കിയാലും കേവലഭൂരിപക്ഷമായ 272 തികയാന്‍ ഏഴുപേര്‍ പിന്നെയും വേണം.
മൂന്നു സ്വതന്ത്രരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. 273പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. ഇതേസമയം സമാജ് വാദി പാര്‍ട്ടിയിലെ ചില എംപിമാര്‍ ഇടഞ്ഞുനില്‍ക്കുന്നതായി വാര്‍ത്തയുണ്ട്. ആ നിലയ്‌ക്ക് 39 പേരുടെ പിന്തുണയുള്ളതായി അറിയിക്കുന്ന കത്ത് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ നല്‍കിയാലും ഭൂരിപക്ഷം തെളിയിക്കണമെന്ന് രാഷ്ട്രപതിയ്‌ക്ക് ആവശ്യപ്പെടാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications