വനിതാ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ
ചെന്നൈ: വനിതാ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വൈവാഹികപ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പുരുഷന്മാര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നതായി പരാതി.
ആരോപണത്തെത്തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുന്നതിന് മുമ്പ് എസ്‌പിയില്‍ നിന്നും നിര്‍ബ്ബന്ധമായും സമ്മതം വാങ്ങിയിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു.
ദാമ്പത്യപ്രശ്‌നത്തെത്തുടര്‍ന്നുണ്ടായ കേസില്‍ അറസ്റ്റിലായ ഒരു പ്രതി നല്‍കിയ പരാതിയിന്മേലാണ് തിങ്കളാഴ്‌ച ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. കേസ് അന്വേഷണത്തിനായി തന്നെ കസ്റ്റഡിയിലെടുത്ത വനിതാ പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കാണിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
കുടുംബപ്രശ്‌നങ്ങളുമായെത്തുന്ന ദമ്പതിമാരെ ചര്‍ച്ചയിലൂടെ യോജിപ്പിക്കേണ്ട വനിതാ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ ആയുധമാക്കരുതെന്നും തെറ്റിദ്ധാരണകൊണ്ടും മറ്റും ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കുറ്റകൃത്യങ്ങളുടെ നിറം നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതിയുമായി സാധാരണ പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്നതിലേറെ ഇത്തരം പ്രശ്‌നങ്ങളുമായി വനിതാ പൊലീസ് സ്റ്റേഷനുകളെ സമീപിക്കാന്‍ സ്‌ത്രീകള്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ ഭര്‍ത്താക്കന്മാരെയും അവരുടെ കുടുംബത്തെയും ബുദ്ധിമുട്ടിലാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കെട്ടിച്ചമയ്‌ക്കുന്ന കേസുകളും കുറവല്ല. ഇത്തരം കേസുകളില്‍ കാര്യമറിയാതെ നടപടിയെടുക്കരുത്- കോടതി പറഞ്ഞു.
പ്രത്യേക ലക്ഷ്യം ലാക്കാക്കിയുള്ള ഇത്തരം കേസുകള്‍ കൂടുതലായും വരുന്നത് വെള്ളിയാഴ്‌ചകളിലാണ് കാരണം പിന്നീട് രണ്ടുദിവസത്തേയ്‌ക്ക് അറസ്റ്റിലാവുന്നവര്‍ക്ക് ജാമ്യാപേക്ഷ നല്‍കാന്‍ പോലും കഴിയാതെ ലോക്കപ്പില്‍ കഴിയേണ്ടിവരുന്നു. ഇത് ലാക്കാക്കിയാണ് വെള്ളിയാഴ്‌ച ദിവസങ്ങളില്‍ പലരും പരാതി ഫയല്‍ ചെയ്യുന്നത്- ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് ആര്‍. രഘുപതി പറഞ്ഞു.












Click it and Unblock the Notifications