വിവാദ ചിത്രങ്ങള്‍: കൈരളിയുടേത് ഹീനാവിഷ്‌കാരമെന്ന് സിപിഎം
കോഴിക്കോട്: സിപിഎം വനിതാ എംഎല്‍എ പാര്‍ട്ടി ഏരിയാ സെക്രട്ടറി അപമാനിച്ചുവെന്ന രീതിയില്‍ പാര്‍ട്ടി ചാനലായ കൈരളി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഹീനമായ പ്രചാരണമാണ് നടത്തിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റി.
കൈരളി ചാനലില്‍ സാക്ഷി എന്ന പരിപാടിയില്‍ സിപിഎം എംഎല്‍എ കെ.കെ ലതികയെ വടകര ഏരിയ സെക്രട്ടറി കെ ശ്രീധരന്‍ അപമാനിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണിക്കുകയും ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും സാക്ഷിയെന്ന പരിപാടി നിര്‍ത്തലാക്കുകയും ചെയ്‌തിരുന്നു.
ഇത് ഗൂഡാലോചനയുടെ ഭാഗമായുണ്ടായി സംഭവമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചൊവ്വാഴ്‌ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2007 ഒക്ടോബര്‍ 20ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മേപ്പയ്യൂര്‍- കൊയിലാണ്ടി മണ്ഡലങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന തുറശേരിക്കടവ് പാല്‌ത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുമ്പോള്‍ ഉണ്ടായ ജനത്തിരക്ക് നിയന്ത്രിക്കാനുള്ള നേതാക്കളുടെ ശ്രമമാണ് സാക്ഷിയില്‍ വികലമായി ചിത്രീകരിച്ചതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വസ്‌തുത ഇതായിരിക്കേ പാര്‍ട്ടിയെ അപമാനിച്ച് ജനങ്ങളുടെ മുന്നില്‍ കളങ്കപ്പെടുത്തുക എന്ന ഗൂഢോദ്ദേശ്യം വച്ചുകൊണ്ടാണ് നീതിയ്‌ക്കും മനുഷ്യത്വത്തിനും നിരക്കാത്ത പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി നേതാവായ കെകെ ലതികയെയും ഏരിയാ സെക്രട്ടറി കെ ശ്രീധരനെയും വിലയിടിച്ച് കാണിക്കുകയെന്നും മാധ്യമങ്ങളുടെ ലക്ഷ്യമായി കാണാം- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പാലം ഉദ്‌ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞശേഷമാണ് വിവാദ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ഇവയുള്‍പ്പെടുത്തി കൈരളിയില്‍ പരിപാടി സംപ്രേഷണം ചെയ്യുകയും ചെയ്‌തതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
2008 ഏപ്രില്‍ 27ന് കൈരളി ചാനലിലെ സാക്ഷി പരിപാടി മുതല്‍ ഹീനമായ നിലയില്‍ ഈ കാര്യം പ്രക്ഷേപണം ചെയ്‌ത മറ്റു ചാനലുകളെയും ചില പത്രമാധ്യമങ്ങളുടെയും നീക്കം പാര്‍ട്ടിയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ്. ഇന്റര്‍നെറ്റ് വഴിയും ദുഷ്ട ലക്ഷ്യത്തോടെ ഈ വൈകൃത ചിത്രം പ്രചരിപ്പിച്ചതിലും ഈ ഉദ്ദേശമാണുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications