സംസാരപ്രിയനായ അതിഥിയില്‍ നിന്നും രക്ഷനേടാന്‍ പൊലീസിനെ വിളിച്ചു
ബര്‍ളിന്‍: ഏതെങ്കിലും ഒരു വീട്ടില്‍ അതിഥിയായിച്ചെല്ലുകയോ ഏതെങ്കിലും ഒരു സുഹൃത്തിനെ കാണുകയോ ചെയ്യുന്പോള്‍ നിങ്ങളിലെ വായാടി ഉണരാറുണ്ടോ, കേള്‍ക്കുന്നവരുടെ താല്‍പര്യം നോക്കാതെ നിങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കു നിങ്ങള്‍ ഒരു പക്ഷേ പൊലീസ് പിടിയിലായേയ്ക്കും.
ജര്‍മ്മനിയിലെ ഒരു സ്ത്രീയ്ക്കാണ് വീട്ടിലെത്തിയ സുഹൃത്തിന്റെ സംസാരത്തില്‍ നിന്നും രക്ഷപ്പെടാനായി ആദ്യം ആംബുലന്‍സ് സര്‍വ്വീസിലും പിന്നീട് പൊലീസിനെയും വിളിക്കേണ്ടിവന്നത്. അതിഥിയോട് ഇത്രയും മര്യാദയില്ലേയെന്നാണ് ചിന്തിയ്‌ക്കുന്നതെങ്കില്‍ ഇതുകൂടി കേള്‍ക്കുക സുഹൃത്ത് ഒന്നോ രണ്ടോ മണിക്കൂറല്ല സംസാരിച്ചത് ഏതാണ്ട് മുപ്പത് മണിക്കൂര്‍!! അതും തുടര്‍ച്ചയായി!
എന്തായിരിക്കും അവസ്ഥ? സഹികെട്ട് പൊലീസിനെ വിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു? അതിഥി വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും സംഭാഷണത്തിന്റെ അതിരുകള്‍ വിടുകയും ചെയ്‌തതോടെയാണ് നാല്‍പ്പത്തിയെട്ടുകാരിയായ സ്‌ത്രീ സഹായത്തിനായി അടിയന്തര സഹായമഭ്യര്‍ത്ഥിക്കുന്നതിനുള്ള പൊലീസ് ഹെല്‍പ് ലൈനിലേയ്‌ക്ക് വിളിച്ചത്.
ഇത്തരത്തിലൊരു പരാതി ലഭിച്ചകാര്യം പടിഞ്ഞാറന്‍ നഗരമായ സ്‌പെയറിലെ പൊലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതുമണിക്കൂറോളം കഴിഞ്ഞപ്പോള്‍ സംസാരിക്കുന്നതില്‍ നിന്നും അതിഥിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം സമ്മതിച്ച അവര്‍ക്ക് ആംബുലന്‍സ് സര്‍വ്വീസില്‍ വിളിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
എന്നാല്‍ ആംബുലന്‍സുമായെത്തിയവര്‍ അതിഥിയെ വീട്ടില്‍ നിന്നും പുറത്തുകൊണ്ടുപോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അവര്‍ സഹായത്തിനായി പൊലീസിനെ വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ അതിഥിയെ പൊലീസ് കൊണ്ടുപോയെങ്കിലും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications