20സന്തോഷ് മാധവന്‍മാര്‍ ചേര്‍ന്നതാണ് പിണറായിയെന്ന് കൃഷ്‌ണദാസ്
കോഴിക്കോട്: ഇരുപത് സന്തോഷ് മാധവന്‍മാര്‍ ചേര്‍ന്നതാണ് ഒരു പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.കെ കൃഷ്‌ണദാസ്. സന്തോഷ് മാധവന്‍ കള്ളത്തരങ്ങള്‍ക്ക് കാവി മറയാക്കുമ്പോള്‍ പിണറായി ചെങ്കൊടിയാണ് മറയാക്കുന്നതെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
സ്വാമിമാരുടെ മുടിയും താടിയും വടിച്ച് വിപ്ലവം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്താന്‍ ധൈര്യപ്പെടുമോയെന്നും ആദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് ബിജെപി ജില്ലാ കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു കൃഷ്‌ണദാസ്.
ജോര്‍ജ് ബുഷിനേക്കാള്‍ ഭയപ്പെടേണ്ടത് എല്‍കെ അദ്വാനിയെയാണെന്ന് പ്രസ്‌താവനയിറക്കിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് അറസ്‌റ്റ് ചെയ്യണം. വിദേശ വിധേയത്വത്തിന്റെയും അടിമത്ത മനോഭാവത്തിന്റെയും തെളിവാണിത്.
ഇന്ത്യയില്‍ ജനിച്ചയാളെ നേതാവായി സ്വീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കണം. അദ്വാനിക്കെതിരായ പ്രസ്‌താവന തിരുത്തി ചെന്നിത്തല മാപ്പുപറയണം. ഇല്ലെങ്കില്‍ ബിജെപി പ്രക്ഷോഭം നടത്തും. പരാജയം ഉറപ്പായ കോണ്‍ഗ്രസ് നേതാക്കള്‍ സമനില തെറ്റിയപോലെയാണ് പ്രസ്‌താവനകളിറക്കുന്നത്.
ആന്റണിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുനരുജ്ജീവന കമ്മിറ്റിക്കെന്നല്ല സാക്ഷാല്‍ ബ്രഹ്മാവിന് പോവും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ല. ഇടതു പിന്തുണ കാളകൂടവിഷമായിരുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും അതേ പിന്തുണ തേടില്ലെന്ന് പ്രഖ്യാപിക്കാനാവുമോയെന്നും കൃഷ്‌ണദാസ് ചോദിച്ചു.












Click it and Unblock the Notifications