വിശ്വാസവോട്ടെടുപ്പില്‍ മുസ്ലിം ലീഗ് സര്‍ക്കാറിനെ പിന്തുണയ്‌ക്കും
മലപ്പുറം: ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ മുസ്ലിം ലീഗ് യുപിഎ സര്‍ക്കാറിനെ പിന്തുണയ്‌ക്കും. കരാര്‍ സംബന്ധിച്ച് ലീഗിനുള്ള ആശങ്ക യുപിഎ യോഗത്തില്‍ അറിയിക്കും.
വ്യാഴാഴ്‌ച പാണക്കാട് ചേര്‍ന്ന് മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തിന്‌ശേഷം കേന്ദ്രമന്ത്രിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഇ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ആണവകരാറുമായി കേന്ദ്രമന്ത്രിസഭ മുന്നോട്ടുപോവുകയാണെങ്കില്‍ ഇ. അഹമ്മദ് മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കും. അതേസമയം മന്ത്രിസഭയ്‌ക്ക് പുറമേനിന്ന് പിന്തുണ നല്‍കും.
ആണവകരാര്‍ സംബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളായി നടക്കുന്ന യുപിഎ യോഗത്തിന്‌ശേഷം തക്കതായ തീരുമാനമെടുക്കുമെന്നാണ് നിര്‍വ്വാഹകസമിതി യോഗത്തിന്‌ശേഷം നേതാക്കള്‍ അറിയിച്ചത്.
ആണവകരാര്‍ സംബന്ധിച്ച് കഴിഞ്ഞ സെപ്‌തംബറില്‍ ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വ്വാഹകസമിതിയില്‍ത്തന്നെ പ്രമേയം പാസാക്കിയിരുന്നതായി അഹമ്മദ് പറഞ്ഞു. യുപിഎ യോഗത്തില്‍ ഇതാവര്‍ത്തിക്കും. കരാര്‍ സംബന്ധിച്ച് സമുദായത്തിനും കുറെ ആശങ്കകളുണ്ട്. പ്രധാനമന്ത്രിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇ.അഹമ്മദിനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുപിഎയെ പിന്തുണച്ച പാര്‍ട്ടി എന്ന നിലയ്‌ക്ക് ബിജെപി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനും രാജ്യം അസ്ഥിരമാകാതിരിക്കാനുമാണ് വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാറിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് അഹമ്മദ് പറഞ്ഞു.
ആണവകരാര്‍സംബന്ധിച്ച് പാര്‍ട്ടിയുടെ ഉത്‌കണ്‌ഠ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടും രാജ്യത്തിന്റെ സുസ്ഥിരതയ്‌ക്കുവേണ്ടി യുപിഎ സര്‍ക്കാറഇനെ നിലനിര്‍ത്താന്‍ മതേതരകക്ഷികള്‍ യോജിക്കണമെന്നാവശ്യപ്പെടുകൊണ്ടുമുള്ള പ്രമേയങ്ങള്‍ യോഗം പാസാക്കിയിട്ടുണ്ട് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications