ചന്ദ്രനില്‍ ജലസാന്നിധ്യം?
വാഷിങ്‌ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ശാസ്‌ത്രജ്ഞന്‍മാര്‍ക്ക് തെളിവുകള്‍ ലഭിച്ചു.
അപ്പോളോ വാഹനത്തില്‍ ചന്ദ്രനിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ കൊണ്ടു വന്ന പാറക്കല്ലുകളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ചന്ദ്രനില്‍ മുമ്പ് ജലമുണ്ടായിരുന്നെന്ന കണ്ടുപിടുത്തത്തിലേക്ക് നയിച്ചിരിയ്‌ക്കുന്നത്.
ചന്ദ്രന്‍ സൃഷ്ടിയ്‌ക്കപ്പെട്ട കാലം തൊട്ടേ അവിടെ ജലമുണ്ടായിരുന്നുവെന്നാണ് ശാസ്‌ത്രജ്ഞന്‍മാരുടെ നിഗമനം. അമേരിക്കക്കാരനായ ആല്‍ബെര്‍ട്ടോ സാലിന്‍ നേതൃത്വം കൊടക്കുന്ന ഗവേഷണ സംഘം നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളത്.
ചന്ദ്രനില്‍ ഒരു കാലത്ത് സജീവമായിരുന്ന അഗ്നിപര്‍വതങ്ങളിലെ സ്‌ഫോടനങ്ങളില്‍ കൂടി ചന്ദ്രോപരിതലത്തിലെത്തിയ മാഗ്മയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നത്.
ഈ ജലത്തിന്റെ 95 ശതമാനവും നീരാവിയായി അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും ഇവര്‍ കരുതുന്നു. ചന്ദ്രന് പ്രത്യേക അന്തരീക്ഷമില്ലാത്തതും ഗുരുത്വകര്‍ഷണം കുറവാണെന്നതും നീരാവി ശൂന്യാകാശത്തിലേക്ക് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.
450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ രൂപീകരണ വേളയില്‍ ചൊവ്വയുടെ വലിപ്പമുള്ള ഒരു വസ്‌തു കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ രൂപം കൊണ്ടതെന്നാണ് ഗവേഷകര്‍ അനുമാനിയ്‌ക്കുന്നത്.












Click it and Unblock the Notifications