മകളെ കൊന്ന് നുറുക്കിയ അച്ഛനമ്മമാര്‍ക്ക് ജീവപര്യന്തം
മുംബൈ: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്‌തതിന്റെ പേരില്‍ മകളെ കൊന്ന് കഷണങ്ങളാക്കി മറവു ചെയ്‌ത കേസില്‍ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം തടവ്.
അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ഒ.എസ് ജയ്‌സ്വാള്‍ ആണ് മുഹമ്മദ് മുന്ന സര്‍ദാര്‍ ഖാന്‍(38) ഭാര്യ ഷഹ്നാസ് ഖാന്‍(35) എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
മഹാരാഷ്ട്രക്കാരനായ ഹിന്ദു യുവാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്‌ത മകള്‍ മെഹ്നാസ് ഖാനെ കൊലപ്പെടുത്തിയശേഷം 11കഷണങ്ങളാക്കി ചാക്കില്‍ക്കെട്ടി മറവു ചെയ്‌തുവെന്നാണ് കേസ്. 2006 ജൂലൈ 2നായിരുന്നു സംഭവം.
മകളെ കൊലപ്പെടുത്തി 11കഷണങ്ങളാക്കി മറവുചെയ്‌തത് അത്യപൂര്‍വ്വ കുറ്റകൃത്യമായി കോടതി പരിഗണിക്കുകയുണ്ടായില്ല. ദമ്പതികള്‍ക്ക് മറ്റ് അഞ്ച് മക്കള്‍കൂടി ഉള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു.
പനവേലില്‍ താമസിക്കുന്ന വിദ്യാനന്ദ് ജാദവിനൊപ്പമായിരുന്നു മെഹ്നാസ് ഖാന്‍ ഒളിച്ചോടിയത്. പിന്നീട് ഇയാളുടെ വീട്ടിലെത്തി മകളെ അനുനയിപ്പിച്ച് വിളിച്ചുകൊണ്ടുവന്നശേഷമാണ് മാതാപിതാക്കള്‍ ചേര്‍ന്ന് കൊല നടത്തിയത്.
കൊലപാതകത്തിന് ശേഷം ജഡം കുളിമുറിയില്‍ കൊണ്ടുപോയി കഷണങ്ങളാക്കുകയും തിരിച്ചറിയാതിരിക്കാനായി മുഖത്തുനിന്നും തൊലിയും മൂക്കും മുറിച്ചെടുക്കുകയും ചെയ്‌തിരുന്നു.
പിന്നീട് ചാക്കില്‍ക്കെട്ടിയ മൃതദേഹം ബൈക്കുള്ള പാലത്തില്‍നിന്നും വലിച്ചെറിയുകയായിരുന്നു. പിന്നീട് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ ചാക്ക്‌കെട്ട് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications