250 കോടിയുടെ രവിവര്‍മ ചിത്രം അനാവരണം ചെയ്‌തു
ദില്ലി: ലോക പ്രശസ്‌ത ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയുടെ ഏറ്റവും വിലപിടിപ്പുള്ള ചിത്രം തിങ്കളാഴ്‌ച ദില്ലിയില്‍ അനാവരണം ചെയ്‌തു.
കലാസ്ഥാപനമായ ഓഷ്യാന്‍സ് സംഘടിപ്പിയ്‌ക്കുന്ന സിനിഫാന്‍ ചലച്ചിത്ര മേളയിലാണ് രവിവര്‍മ ചിത്രം അനാവരണം ചെയ്‌തത്. തിരുവിതാംകൂര്‍ രാജസദസ്സിലെ ഒരു രംഗം ചിത്രീകരിച്ചിരിയ്‌ക്കുന്ന 'ദ മഹാരാജാ ഓഫ് ട്രാവന്‍കൂര്‍' എന്ന ചിത്രമാണ് രവി വര്‍മ്മയുടെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായി കരുതപ്പെടുന്നത്.
ലണ്ടനിലെ ഒരു ലേല സ്ഥാപനത്തില്‍ നിന്നും ആറു കോടി ഡോളറോളം മുടക്കിയാണ് ഓഷ്യാന്‍സ് ഈ ചിത്രം വാങ്ങിയത്. 'ഓഷ്യാനാമ' എന്ന പേരില്‍ മുംബൈയില്‍ ആരംഭിയ്‌ക്കുന്ന സാംസ്‌ക്കാരിക സമുച്ചയത്തില്‍ ചിത്രം സ്ഥിരം പ്രദര്‍ശനത്തിന് സജ്ജമാക്കുമെന്ന് ഓഷ്യാന്‍സ് വക്താക്കള്‍ പറഞ്ഞു.
1880ല്‍ തിരുവിതാംകൂര്‍ മഹാരാജാവും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനെത്തിയ മദ്രാസ് ഗവര്‍ണര്‍ ജനറലിനെ വരവേല്‌ക്കുന്ന രംഗമാണ് രവിവര്‍മ ദ മഹാരാജാ ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications