മുകേഷ് അംബാനി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ദില്ലി: അനില്‍ അംബാനിയുടെ വാണിജ്യ താത്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കാനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിങ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിയ്‌ക്കുന്നതിനിടെ അനില്‍ അംബാനിയുടെ സഹോദരനും എതിര്‍ ഗ്രൂപ്പിന്റെ തലവനുമായി മുകേഷ് അംബാനി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
മന്‍മോഹന്‍ സിങിനു പുറമെ മറ്റ് ഉന്നതോദ്യഗസ്ഥരുമായും കണ്ട് മുകേഷ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ലാഭ നികുതി ചുമത്താന്‍ അമര്‍സിങ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുകേഷ് ദില്ലിയിലെത്തിയത്.
എണ്ണക്കമ്പനികള്‍ക്ക് മേല്‍ ലാഭനികുതി ചെലുത്തുന്നത് ബുദ്ധിപൂര്‍വ്വമായ നടപടിയല്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിയെയും ഉദ്യോഗസ്ഥരെയും ധരിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്.
അനില്‍ അംബാനിയുമായി ഉറ്റബന്ധമുള്ള അമര്‍സിങ് ആണവക്കരാര്‍ വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‌കുന്നതിന് പകരമായി പല വ്യവസായ പ്രമുഖരുടെയും വാണിജ്യ താത്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
അനില്‍ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട മുകേഷ് അംബാനി കോണ്‍ഗ്രസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിയ്‌ക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുകേഷ് സന്ദര്‍ശിച്ചതായി സ്ഥീരികരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications