റിയാലിറ്റി ഷോ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു
ഭോപാല്‍: റിയാലിറ്റി ഷോ ദുരന്തങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാകുന്നു. ഇന്‍ഡോറില്‍ റിയാലിറ്റി ഷോയുടെ ഭാഗമായി വെള്ളത്തില്‍ മുങ്ങിക്കടക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഷോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അത്യാഹിതം.
ഇന്‍ഡോര്‍ സ്വദേശിയായ അന്‍ജാര്‍ ഖാന്‍ എന്ന 23കാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായത്. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അന്‍ജാറിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
'ഖത്രോം കി ഖിലാഡി' എന്ന പുതിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി ഇന്‍ഡോറിലെ ഒരു ഷോപ്പിംഗ് മാളില്‍ നടന്ന പരിപാടിയ്‌ക്കിടയിലാണ് അന്‍ജാര്‍ തളര്‍ന്നു വീണത്. വെള്ളത്തില്‍ മുങ്ങിക്കിടന്നു കൊണ്ടുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
വെള്ളത്തില്‍ ഏതാനും മിനിറ്റുകള്‍ മുങ്ങിക്കിടന്ന അന്‍ജാര്‍ പൊങ്ങിവരാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ തന്നെ പൊക്കിയെടുക്കുകയായിരുന്നു. പുറത്തെടുത്ത് കുറച്ച് ദൂരം നടന്ന ശേഷം അന്‍ജാര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പരിപാടി നടക്കുന്ന സമയത്ത് ഇവിടെ ഡോക്ടര്‍മാര്‍ ആരുമില്ലായിരുന്നുവെന്നും പരിപാടി സംഘടിപ്പിയ്‌ക്കാന്‍ അനുമതി ഇല്ലായിരുന്നുവെന്നും സൂചനകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ മൂന്ന് ജീവനക്കാരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.
പ്രേക്ഷകരെ വന്‍തോതില്‍ ആകര്‍ഷിയ്‌ക്കുന്ന റിയാലിറ്റി ഷോകള്‍ക്കിടെയുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഇതോടെ തുടര്‍ക്കഥയാകുകയാണ്. കൊല്‍ക്കത്തയില്‍ ബംഗ്ലാ ടിവി സംഘടിപ്പിച്ച റിയാലിറ്റി ഷോയില്‍ പങ്കെടുത്ത 11ാം ക്ലാസ് വിദ്യാര്‍ഥിനി ഷിന്‍ജിനി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഇക്കഴിഞ്ഞ മാസമായിരുന്നു.
ഇപ്പോഴും പൂര്‍ണ ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ലാത്ത ഷിന്‍ജിനി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പരിപാടിയ്‌ക്കിടെ വിധികര്‍ത്താക്കള്‍ നടത്തിയ നിശിത വിമര്‍ശനമാണ് ഷിന്‍ജിനിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയതെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.












Click it and Unblock the Notifications