ദില്ലിയില്‍ കണക്കിന്റെ കളി
ദില്ലി: വിശ്വാസ വോട്ടിനുള്ള തീയതി അടുത്തു വരുന്നതോടെ ചെറുകക്ഷികളുടെ എങ്ങും തൊടാതെയുള്ള പ്രതികരണം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്നു.
പ്രധാനമന്ത്രി വിശ്വാസവോട്ട് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, ജനതാദള്‍ എസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ നിലപാടുകളാണ് സര്‍ക്കാരിനെ വലയ്‌ക്കുന്നത്.
സര്‍ക്കാരിനോട് അകലം പാലിയ്‌ക്കുന്നതായി ഭാവിച്ച് വില പേശലിനുള്ള ആക്കം കൂട്ടുകയാണ് ചെറു പാര്‍ട്ടികളുടെ ലക്ഷ്യം. പിന്തുണ തേടി ബിജെപിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ചെറുപാര്‍ട്ടികളിലെയും കോണ്‍ഗ്രസിലെ തന്നെയും പലരും തങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‌കിയതായി ബിജെപി വക്താവ് വി.കെ മല്‍ഹോത്ര പറഞ്ഞു.
ഇതിനിടെ ശിരോമണി അകാലിദള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനമെടുത്തത് യുപിഎയ്‌ക്ക് കനത്ത തിരിച്ചടിയായി. എട്ട് എംപിമാരുള്ള അകാലിദളിന്റെ തീരുമാനം വിശ്വാസവോട്ടില്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. സിഖുകാരനായ പ്രധാനമന്ത്രിയ്‌ക്കെതിരെ അകാലിദള്‍ വോട്ട് ചെയ്യില്ലെന്നായിരുന്നു യുപിഎയുടെ പ്രതീക്ഷ. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയം കോണ്‍ഗ്രസിനെതിരാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അകാലിദള്‍ ഈ തീരുമാനമെടുത്തത്.
രണ്ട് എംപിമാരുള്ള ജനതാദള്‍-എസിന്റെ നിലപാടും സര്‍ക്കാരിനെ കുഴയ്‌ക്കുന്നുണ്ട്. കോണ്‍ഗ്രസ് എന്നും ജനതാദളിനെ നശിപ്പിയ്‌ക്കാനെ ശ്രമിച്ചിട്ടുള്ളുവെന്നാണ് ഗൗഡ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.
യുപിഎ സഖ്യകക്ഷിയായ ജെഎംഎമ്മിന്റെ നിലപാടും സര്‍ക്കാരിന് തലവേദന സൃഷ്ടിയ്‌ക്കുന്നുണ്ട്. പാര്‍ട്ടിയുടെ നേതാവായ ഷിബു സോറനെ കേന്ദ്ര മന്ത്രി സ്ഥാനം നല്‌കിയാലേ വിശ്വാസവോട്ടിനെ പിന്തുണയ്‌ക്കേണ്ടതുള്ളുവെന്ന നിലപാടാണ് പാര്‍ട്ടിയുടെത്. വിശ്വാസവോട്ടിനു ശേഷം മന്ത്രിസ്ഥാനം നല്‌കാമെന്ന് കോണ്‍ഗ്രസ് വാഗ്‌ദാനം നല്‌കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അതിന് വഴങ്ങിയിട്ടില്ല. 19ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് ഷിബു സോറന്‍ പറയുന്നത്.
ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം വിശ്വാസ പ്രമേയത്ത അനുകൂലിയ്‌ക്കുന്നവരുടെ എണ്ണം 260 ആണ്. പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവര്‍ 276 പേരാണ്. ഇതുവരെ നിലപാട് വ്യക്തമാക്കാത്ത ചെറുകക്ഷികള്‍ തങ്ങളുടെ വഴി പ്രഖ്യാപിയ്‌ക്കുന്നതോടെ ഈ സംഖ്യാബലത്തിലും വ്യത്യാസം വരും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications