മൂന്നുപേരെ പ്രണയം നടിച്ച് കറക്കിയ യുവതിക്ക് പിഴ
എറണാകുളം: സുഹൃത്തുക്കളായ മൂന്നു യുവാക്കളെ ഒരേ സമയം പ്രേമം നടിച്ച് പറ്റിച്ച യുവതിയ്‌ക്ക് കോടതി പിഴയിട്ടു. പെണ്‍കുട്ടിയുടെ പേരില്‍ പൊതുസ്ഥലത്ത് വഴക്കുണ്ടാക്കിയ മൂന്നു യുവാക്കള്‍ക്കും ഒരു ദിവസത്തെ തടവും പിഴയും വിധിച്ചു.
ഏറണാകുളം സൗത്ത് റയില്‍വേസ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആലപ്പുഴ സ്വദേശിനിയാണ് പാലക്കാട് സ്വദേശികളായ യുവാക്കളെ പ്രേമം നടിച്ച് കബളിപ്പിച്ച് റയില്‍വേ സ്റ്റേഷനിലെത്തിച്ച് വട്ടം കറക്കിയത്.
റയില്‍വേ മജിസ്‌ട്രേട്ട് കോടതിയാണ് ഇവര്‍ നാലുപേര്‍ക്കും ശിക്ഷ വിധിച്ചത്. അഞ്ഞൂറു രൂപവീതമാണ് ഇവര്‍ പിഴയൊടുക്കേണ്ടത്. പെണ്‍കുട്ടിയെ താക്കീത് ചെയ്‌ത കോടതി പിതാവിനെ വിളിച്ചുവരുത്തിയശേഷമാണ് വിട്ടയച്ചത്.
യുവാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും മിസ്‌ഡ് കോള്‍ വന്നതോടെയാണ് കഥയ്‌ക്ക് തുടക്കമായത്. തന്റെ ഫോണിലേയ്‌ക്ക് മിസ്‌ഡ് കോള്‍ വന്ന നമ്പറിലേയ്‌ക്ക് യുവാവ് പിന്നീട് നിര്‍ത്താതെ വിളി തുടങ്ങി. അങ്ങനെ ബന്ധം പ്രേമമായി വളര്‍ന്നു.
പിന്നീട് ഈ യുവാവ് തന്റെ സുഹൃത്തുക്കള്‍ക്ക് യുവതിയുടെ നമ്പര്‍ കൊടുത്തു. ഇവര്‍ രണ്ടുപേരും ആദ്യം പ്രേമം തുടങ്ങിയ സുഹൃത്തിനെ അറിയിക്കാതെ പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. പെണ്‍കുട്ടിയാണെങ്കില്‍ ആരെയും കൈവിട്ടുമില്ല. എല്ലാവരെയും പ്രണയിക്കുന്നതായി ഭാവിച്ചു.
പിന്നീടൊരു ദിവസം യുവാക്കളില്‍ ഒരാളോട് റയില്‍വേ സ്റ്റേഷനില്‍വച്ച് കാണാമെന്ന് യുവതി പറഞ്ഞു. യുവാവ് തന്റെ കൂട്ടുകാരനോട് വിവരം പറഞ്ഞു. അങ്ങനെ മൂന്നുപേരും വിവരമറിഞ്ഞു. റയില്‍വേസ്റ്റേഷനില്‍ വച്ച് ഒന്നിച്ച് കണ്ടപ്പോള്‍ യുവതിയുടെ പേര് പറഞ്ഞ് അടി തുടങ്ങി.
തുടര്‍ന്ന് റയില്‍വേ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരെയും പ്രേമം നടിച്ച പറ്റിച്ച യുവതിയുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications