തീരുമാനമെടുക്കാത്തവര്‍ 20; യുപിഎ ആശങ്കയില്‍
ദില്ലി: വിശ്വാസവോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കവേ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാത്തവരുടെ പട്ടികയില്‍ 20 പേര്‍. തീരുമാനമെടുക്കാത്ത ചെറുപാര്‍ട്ടികളേക്കാള്‍ പ്രമുഖ കക്ഷികളില്‍ നിന്നു വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നവര്‍ യുപിഎ സര്‍ക്കാറിന്റെ ഭാവിനിര്‍ണ്ണയിക്കുമെന്ന് കരുതപ്പെടുന്നു.
തീരുമാനമെടുക്കാത്തവരുടെ പട്ടികയിലുള്ള 20പേര്‍ ഏത് ക്യാംപിലേയ്‌ക്ക് മറിയാനും സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. ആണവകരാറിനെയും സര്‍ക്കാറിനെയും പിന്തുണയ്‌ക്കുമെന്ന് ഉറപ്പിച്ച എംപിമാരുടെ എണ്ണം 252മാത്രമാണ്. പലരീതയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂരിക്ഷത്തിന് വേണ്ട 272 എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല.
545അംഗ ലോക്‌സഭയില്‍ നിലവിലുള്ളത് 543 അംഗങ്ങളാണ്. കര്‍ണ്ണാടകയിലെ ബെല്ലാരി, യിപിയിലെ മീറത്ത് എന്നീ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തില്‍ നിന്നുള്ള പി.സി തോമസിന്റെ തിരഞ്ഞെടുപ്പ് കോടതിയിലായതിനാല്‍ അദ്ദേഹത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസിന് 153എംപിമാരുണ്ട്. എന്നാല്‍ ഇവരില്‍ നാലു പേര്‍ വിപ്പ്‌ലംഘിച്ച് സര്‍ക്കാറിനെതിരെ വോട്ടുചെയ്യാനുറച്ചിരിക്കുകയാണ്. അസമിലെ ബാര്‍പേട്ടയിലെ എംപിയായ ഗുലാം ഉസ്‌മാനി, മുന്‍ കേന്ദ്രമന്ത്രിയും കര്‍ണ്ണാടക ചികബല്ലാപുരില്‍ നിന്നുള്ള എംപിയുമായ ആര്‍.എല്‍ ജാലപ്പ, കേന്ദ്ര പ്രക്ഷേപണ സഹമന്ത്രി അംബരീഷ് എന്നിവരാണ് വിവിധ കാരണങ്ങളെത്തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.
ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള കുല്‍ദീപ് വിഷ്‌ണോയി സര്‍ക്കാറിനെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു കോണ്‍ഗ്രസ് എംപി മഹാബീര്‍ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് സഭയില്‍ ഹാജരാകുവാന്‍ കഴിയുമോയെന്ന കാര്യം വ്യക്തമല്ല.
ചുരുക്കിപ്പറഞ്ഞാല്‍ 148 കോണ്‍ഗ്രസ് എംപിമാര്‍ മാത്രമേ സഭയില്‍ സര്‍ക്കാറിനെ പിന്താങ്ങുമെന്ന് ഉറപ്പുള്ളു. 148 പേരുള്‍പ്പെടെ( രാഷ്ട്രീയ ജനതാദള്‍-24, ഡിഎംകെ- 16, എന്‍സിപി-11, പിഎംകെ- 6, എല്‍ജെപി- 4, മുസ്ലിം ലീഗ്-1, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതാവലെ -1, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്- 1, ഭാരതീയ നവശക്തി- 1, ടിആര്‍എസ് വിമതന്‍- 1, സമാജ് വാദി പാര്‍ട്ടി- 37) മൊത്തം 251 വോട്ടുകളാണ് യുപിഎ ഉറപ്പിച്ചിരിക്കുന്നത്.
ഇതില്‍ത്തന്നെ സമാജ് വാദി പാര്‍ട്ടിയുടെ 37 അംഗങ്ങളും ഹാജരാകുമോയെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയിലെ 39 പേരില്‍ രണ്ടുപേര്‍ സര്‍ക്കാറിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 260 അംഗങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണ്ടെന്നാണ് യുപിഎ പറയുന്നത്.
എതിര്‍പക്ഷവും ഇതേ അവകാശം ഉന്നയിക്കുകയാണ്. ഇടതുപക്ഷം-60, ബിഎസ്‌പി- 17, എല്‍ഡിഎ- 171, ജനതാദള്‍ എസ്( വീരേന്ദ്രകുമാര്‍)-1, എജിപി- 2, ടിഡിപി- 5 എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച- 5, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്‌ദള്‍- 4, ഉമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്- 2, ദേവഗൗഡ ജെഡി(എസ്)2, സ്വതന്ത്രര്‍ 4, മറ്റുള്ളവര്‍ 5 എന്നിവരാണ് തീരുമാനം പ്രഖ്യാപിക്കാത്തത്. അവരായിരിക്കും അന്തിമ വിധി നിര്‍ണ്ണയിക്കുകയെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications