അനധികൃത സ്വത്ത്: കാരാട്ടും വൃന്ദയുമടക്കം 10 നേതാക്കള്‍ക്കെതിരെ ഹര്‍ജി
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ ഭാര്യയും പോളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ടും ഉള്‍പ്പടെ പത്ത് ഉന്നത നേതാക്കളും നേടിയ 200 കോടി രൂപയുടെ സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
കൊല്‍ക്കത്ത സ്വദേശിയായ ജയ്‌ദീപ് മുഖര്‍ജി എന്ന അഭിഭാഷകന്‍ സെക്രട്ടറിയായിട്ടുള്ള ഓള്‍ ഇന്ത്യ ലീഗല്‍ എയ്‌ഡ് ഫോറം എന്ന സംഘടനായണ് നേതാക്കള്‍ക്കെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതിമാസം 3000 രൂപ ശമ്പളത്തില്‍ ഏഴായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ നേതാക്കള്‍ക്ക് വേണ്ടി ജോലിയെടുക്കുന്നുണ്ടെന്നും ഇതിനുള്ള വരുമാനത്തിന്റെ ഉറവിടം ഇവര്‍ വ്യക്തമാക്കണമെന്നുമാണ് ഹര്‍ജിയിലുള്ളത്.
എംപിമാരായ നീലോത്‌പലബസു , മുഹമ്മദ് സലിം, ലക്ഷ്‌മണ്‍ സേത്ത്, സുധാംശു സില്‍, ഹനന്‍ മൊല്ല, പിബി അംഗങ്ങളായ ബിമന്‍ ബസു, മുന്‍ മന്ത്രി ബന്‍ഷ് ഗോപാല്‍ ചൗധരി, ബിനോയ് കോനാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജിയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷന് നല്‌കിയിട്ടുള്ള രേഖകള്‍ പ്രകാരം അഞ്ചു ലക്ഷം രൂപ വരെ സ്വത്തുള്ളതായാണ് കാണിച്ചിരിയ്‌ക്കുന്നത്. സിപിഎമ്മിന്റെ പക്കല്‍ 200 കോടിയുടെ സ്വത്തുള്ളതായാണ് കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്. എന്നാലിതിന്റെ യഥാര്‍ഥ മൂല്യം 5000 കോടി രൂപയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഇതാദ്യമായല്ല രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇത്തരം കേസുകള്‍ സമര്‍പ്പിയ്‌ക്കപ്പെടുന്നതെന്നും മുഖര്‍ജി ചൂണ്ടിക്കാട്ടുന്നു.
സമാജ് വാദി പാര്‍ട്ടി നേതാവായ മുലായ് സിങിനെതിരെയും ബിഎസ്‌പി നേതാവ് മായാവതിയ്‌ക്കുമെതിരെ നല്‌കിയ സമാനമായ ഹര്‍ജികള്‍ സ്വീകരിച്ച കോടതി ഇരു നേതാക്കളുടെയും സ്വത്തുക്കളുടെ ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഹര്‍ജി വെള്ളിയാഴ്‌ച കോടതി പരിഗണിച്ചേക്കും.












Click it and Unblock the Notifications