പിടിയിലായ കള്ളന്‍ മാല വിഴുങ്ങി, എക്‌സറേ വെട്ടിലാക്കി
തൃപ്പൂണിത്തുറ: മോഷണത്തിനിടെ പിടിയിലായപ്പോള്‍ കള്ളന്‍ തൊണ്ടി മുതല്‍ വിഴുങ്ങി. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ വിഴുങ്ങിയ മാല വയറ്റില്‍ കണ്ടെത്തി. തൊണ്ടിമുതല്‍ കണ്ടെത്തിയെങ്കിലും അതെങ്ങനെ പുറത്തെടുക്കുമെന്നറിയാതെ ധര്‍മ്മസങ്കടത്തിലായത് പൊലീസ്.
എറണാകുളത്തെ പനങ്ങാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മാടവനിയിലാണ് സംഭവം നടന്നത്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ മട്ടാഞ്ചേരി സ്വദേശി നവാസ്(38) ആണ് തൊണ്ടിമുതല്‍ വിഴുങ്ങി പൊലീസിനെ വെട്ടിലാക്കിയത്.
പനങ്ങാട് മാടവന സ്വദേശി ആന്റണിയെന്നയാളുടെ രണ്ടരവയസ്സുകാരിയായ മകള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നവാസ് മാല കവര്‍ന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. രണ്ടര പവനോളം തൂക്കമുള്ള മാലയായിരുന്നു കുട്ടിയുടെ കഴുത്തിലുണ്ടായിരുന്നത്.
നവാസ് മാലപിടിച്ചുപറിച്ചോടുന്നതുകണ്ട് വീട്ടുകാര്‍ ഒച്ചവച്ചു. തുടര്‍ന്ന് ഓടുക്കൂടിയ നാട്ടുകാര്‍ മാലയുമായി കടക്കാന്‍ശ്രമിച്ച നവാസിനെ പിടികൂടി. ഇതിനിടെ ഇയാള്‍ മാല വിഴുങ്ങി. പനങ്ങാട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും താന്‍മാല മോഷ്ടിച്ചിട്ടില്ലെന്ന് നവാസ് വാദിച്ചു.
നവാസിന്റെ മോഷണ തന്ത്രങ്ങളെക്കുറിച്ച് അറിയാമായിരുന്ന പൊലീസ് ഇയാളെ എക്‌സറേ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചു. എട്ട് പൊലീസുകാരുടെ അകമ്പടിയോടെ കള്ളനെ പി.എസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ നവാസ് എക്‌സറേ മുറിയിലേയ്‌ക്ക് പോകാന്‍ കൂട്ടാക്കിയില്ല.
ഇതിനിടെ പരിശോധന ഒഴിവാക്കാനായി ആശുപത്രിയുടെ കണ്ണാടിച്ചില്ല് നവാസ് തലകൊണ്ട് അടിച്ചു പൊട്ടിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും പൊലീസ് പിന്മാറിയില്ല. നവാസിനെ ബലമായി കൊണ്ടുപോയി എക്‌സറേ എടുത്തു. എക്‌സറേയില്‍ വന്‍കുടലിന്റെ അടിവശത്തായി മാല തെളിഞ്ഞിരുന്നു. വെള്ളിയാഴ്‌ച ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിച്ച് വയറിളക്കി മാല പുറത്തെടുക്കാനാണ് പൊലീസിന്റെ പരിപാടി.












Click it and Unblock the Notifications