മുനീര്‍ അഭിനയിച്ച സിനിമാ രംഗം ഒഴിവാക്കി; ലീഗില്‍ താലിബാനിസം
കൊച്ചി: മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ ചെമ്പട എന്ന ചിത്രത്തില്‍ പാടി അഭിനയിച്ച രംഗം സിനിമയില്‍ നിന്നും ഒഴിവാക്കുന്നു.
നടി ശ്രീദേവിയ്‌ക്കൊപ്പം ആടിപ്പാടിയഭിനയിച്ച മുനീര്‍ അതിന്റെ മതനീതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെ.ടി ജലീല്‍, പി.എം.എ സലാം പി.ടി.എ റഹീം എന്നിവര്‍ രംഗത്തു വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെയും ബന്ധപ്പെട്ടവരുടെയും അഭ്യര്‍ഥന മാനിച്ചാണ് ഗാനരംഗം ഒഴിവാക്കുന്നതെന്ന് ചെമ്പടയുടെ സംവിധായകന്‍ റോബിന്‍ തിരുമല പറഞ്ഞു.
എന്നാല്‍ മുസ്ലീംലീഗിലെ മുനീര്‍ വിരുദ്ധ വിഭാഗം തന്നെ ഇത് വിവാദമാക്കിയതാണ് ചിത്രത്തിലെ രംഗം വെട്ടിമാറ്റാന്‍ തീരുമാനിച്ചതെന്നറിയുന്നു. ഒരു വിവാഹ സല്‍ക്കാരത്തില്‍ ഗസല്‍ഗാനം പാടുന്ന ഗായകനായിട്ടായിരുന്നു മുനീര്‍ വേഷമിട്ടത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് നാദാപുരത്ത് നടന്ന ഒരു യൂത്ത് ലീഗ് യോഗത്തില്‍ മുനീറിനെതിരെ നടപടിയാവശ്യപ്പെട്ട് മുനീര്‍ വിരുദ്ധപക്ഷം പ്രമേയം അവതരിപ്പിയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇതനുവദിച്ചില്ല.
തുടര്‍ന്ന് പാര്‍ട്ടിയില്‍ പല ഭാഗത്തു നിന്നും മുനീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഈ വിഷയത്തില്‍ ലീഗ് നേതൃത്വം മൗനം പാലിയ്‌ക്കുകയായിരുന്നു.
ഇതാദ്യമായല്ല ലീഗില്‍ ഇതുപോലുള്ള സംഭവങ്ങളുണ്ടാകുന്നത്. നേരത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജിയ്‌ക്കും സമാനമായ അനുഭവം പാര്‍ട്ടിയ്‌ക്കുള്ളില്‍ നിന്നും നേരിട്ടിരുന്നു.
ലീഗിന്റെ ചരിത്രമുള്‍ക്കൊള്ളിച്ചു കൊണ്ട് 'ബാലന്‍സ് ഷീറ്റ്' എന്ന ഡോക്യമെന്റി ഫിലിം നിര്‍മ്മിച്ചതിനെതിരെയായിരുന്നു ലീഗിലെ യാഥാസ്ഥിതിക വിഭാഗം അന്ന് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ചിത്രത്തില്‍ പ്രധാനകഥാപാത്രമായി ഒരു സ്‌ത്രീയെ അവതരിപ്പിച്ചതിനെതിരെയായിരുന്നു അന്ന് പ്രതിഷേധമുണ്ടായത്. എന്നാല്‍ പ്രതിഷേധങ്ങളെ അവഗണിച്ച ഷാജി ചിത്രം പൂര്‍ത്തിയാക്കുകയും പലയിടങ്ങളില്‍ പ്രദര്‍ശിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു.
പാര്‍ട്ടിയ്‌ക്കുള്ളില്‍ ആവര്‍ത്തിയ്‌ക്കുന്ന ഇത്തരം സംഭവങ്ങള്‍ ലീഗിനു മേല്‍ യാഥാസ്ഥിതികര്‍ പിടിമുറുക്കന്നതു മൂലമാണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു












Click it and Unblock the Notifications