അധ്യാപകന്റെ കൊല, സംഘര്‍ഷം പടരുന്നു
മലപ്പുറം : ക്ലസ്റ്റര്‍ യോഗത്തിനിടെ യൂത്ത് ലീഗുകാരുടെ മര്‍ദ്ദനമേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം.
അരിക്കോട് വാലില്ലാപ്പുഴ എംഎഎല്‍പിഎസിലെ പ്രധാന അധ്യാപകന്‍ ജയിംസ് അഗസ്റ്റിനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. അധ്യാപകന്റെ മരണം അറിഞ്ഞയുടനെ സംസ്ഥാനത്ത് വ്യാപകമായ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ജയിംസിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിയ മലപ്പുറം ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ കെഎസ്‍ടിഎ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ആശുപത്രിയിലെത്തിയ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘട്ടനമുണ്ടായി.
ക്ലസ്റ്റര്‍ യോഗത്തില്‍ ഇനിയും അക്രമം തുടര്‍ന്നാല്‍ തങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കെല്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. പാഠപുസ്തകത്തിനെതിരെ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കി നടത്തുന്ന പ്രകോപന സമരത്തിന്റെ ഇരയാണ് ജയിംസ് അഗസ്റ്റിനെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് ടി വി രാജേഷ് ആരോപിച്ചു. കൊലയാളികളെ ഒറ്റപ്പെടുത്തുക എന്ന ആഹ്വാനത്തോടെ സംസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധദിനം ആചരിക്കുകയാണ്.
അധ്യാപകന്റെ കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷത്തില്‍ പങ്കെടുത്ത ഏഴ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പാഠപുസ്തകത്തിനെതിരെയുളള സമരം ശക്തിപ്പെടുത്തുമെന്ന് കത്തോലിക്കാ സഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പാഠപുസ്തകത്തിനെതിരെ തങ്ങള്‍ സമരത്തിനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണ പണിക്കര്‍ വ്യക്തമാക്കി.
പ്രക്ഷോഭത്തിനിടെ അപ്രതീക്ഷിതമായി നടന്ന കൊലപാതകം മുസ്ലിം സംഘടനകളെയും വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് വേണ്ടെന്നു വെച്ചു.
അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അധ്യാപകരും ജീവനക്കാരും തിങ്കളാഴ്ച പണിമുടക്കു പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications